Travel fuels now at Vikas Bhavan

കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും.

കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്ലൈറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 ഔട്ട്ലെറ്റുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ആരംഭിച്ചിരുന്നു. കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ വികാസ് ഭവൻ ഡിപ്പോയിലെ ഔട്ട്ലെറ്റ് ഫെബ്രുവരി 6 ആം തീയതിമുതൽ ആരംഭിക്കും.
കെഎസ്ആർടിസി യുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസിയുടെ നിലവിലെ കൺസ്യൂമർ പമ്പുകൾക്കൊപ്പം പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ, ഇന്ധന ചില്ലറ വിൽപ്പന ശാലകൾ സ്ഥാപിച്ച് ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി യാത്ര ഫ്യൂവൽസ് എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്‌. ‌‌

കെഎസ്ആർടിസിയുടെ 93 ഡിപ്പോകളിൽ 72 ഇടങ്ങളിൽ ബസ്സുകൾക്കായി ഡീസൽ ലഭ്യമാക്കുന്നതിന് കൺസ്യൂമർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ കെഎസ്ആർടിസിയുടെ ഉപയോഗത്തിന് വേണ്ടി മാത്രം സ്ഥാപിച്ചിട്ടുള്ളതിനാൽ ഈ പമ്പുകളിൽ നിന്നും പൊതുജനങ്ങൾക്ക് ഇന്ധന വിതരണം നടത്താൻ സാധിക്കുമായിരുന്നില്ല. ഈ പമ്പുകൾ നിലനിന്നിരുന്ന സ്ഥലത്ത് വാണിജ്യ പ്രാധാന്യമുള്ള 50 ഓളം സ്ഥലങ്ങളിൽ ഇന്ധന ചില്ലറ വിൽപ്പന ശാലകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. യാത്രാ ഫ്യുവൽസ് സ്ഥാപിച്ച ശേഷം 2021 സെപ്തംബർ മുതൽ 2022 ഡിസംബർ വരെ ഏകദേശം 115 കോടി രൂപയുടെ വിറ്റ് വരവ് നടത്തി 3.43 കോടി രൂപയുടെ കമ്മീഷൻ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്.

കൂടാതെ എണ്ണ കമ്പനികൾ ബൾക്ക് കൺസ്യൂമറിന് (വൻകിട ഉപഭോക്താവ്) നൽകിവരുന്ന ഇന്ധനവിലയിൽ വർദ്ധനവ് വരുത്തിയതിനെ തുടർന്നു 2022 ജനുവരിയിൽ ലിറ്ററിന് 84.74 രൂപയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന ഡീസലിന്റെ വില ക്രമാതീതമായി വർധിച്ച് ഒരു ഘട്ടത്തിൽ ലിറ്ററിന് 138.46 രൂപവരെ എത്തുകയും വിപണി വിലയെക്കാൾ ലിറ്ററിന് 41.94 രൂപവരെ അധികം നൽകേണ്ട സ്ഥിതി സംജാതമാകുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ഉണ്ടാകുമായിരുന്ന അധിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ ഒരു പരിധിവരെ സാധിച്ചത് യാത്രാ ഫ്യൂവൽസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് ഇന്ധന വിതരണം സാധ്യമായതു കൊണ്ടു മാത്രമാണ്. പ്രതിദിനം ഏകദേശം 2.70 ലക്ഷം ലിറ്റർ ഡീസലാണ് യാത്രാ ഫ്യൂവൽസിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് നൽകിവരുന്നത്. ഇപ്രകാരം 2022 ഡിസംബർ വരെ ഡീസൽ വില വർധനവ് കാരണം കെ.എസ്.ആർ.ടി.സിയ്ക്ക് ഉണ്ടാകുമായിരുന്ന 150 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുവാൻ യാത്രാ ഫ്യൂവൽസ് ആരംഭിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ കെഎസ്ആർടിസി യാത്രാ ഫ്യുവൽസ്‌ കേരളത്തിലെ ഏറ്റവും വലിയ പെട്രോളിയം ഡീലറാണ്. വികാസ്ഭവൻ ഡിപ്പോയിലെ യാത്രാ ഫ്യൂവൽ ഔട്ട്ലെറ്റ്‌ തിരുവനന്തപുരം സിറ്റിയിലെ രണ്ടാമത്തേതും ജില്ലയിലെ മൂന്നാമത്തേതുമാണ്. കൂടുതൽ ഫ്യൂവൽ ഔട്ട്‌ലെറ്റുകൾ ഉടൻ തന്നെ പ്രവർത്തന സജ്ജമാകുന്നതാണ്.