Action against overcharging buses during festival season

ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്‌ക്വാഡ് രൂപികരിക്കും. കോൺട്രാക്ട് കാരിയേജ് വാഹനങ്ങളിൽ സ്പീഡ് ഗവർണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് നടത്തും.