ലേണേഴ്സ് ലൈസന്‍സ് പരീക്ഷകള്‍ ഇനിമുതല്‍ ആര്.ടി.ഒ/സബ് ആര്.ടി ഓഫീസുകളില്‍ മാത്രം
കോവിഡ് – 19 മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക്ഡൌണിനും മറ്റ് നിയന്ത്രണങ്ങള്‍ക്കും വിധേയമായി ആര്.ടി.ഒ/സബ് ആര്.ടി. ഓഫീസുകളില്‍ കമ്പ്യൂട്ടറൈസ്ഡ് ലേണേഴ്സ് ലൈസന്‍സ് പരീക്ഷ നടത്തി വന്നിരുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി സ്വയം പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ ഇല്ലാത്ത അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കൂടാതെ പ്രസ്തുത സൌകര്യം ദുരുപയോഗപ്പെടുത്തി അപേക്ഷകരല്ലാത്തവര് പരീക്ഷയില്‍ പങ്കെടുത്ത് ലേണേഴ്സ് ലൈസന്‍സ് നേടിക്കൊടുക്കുന്നതും അപേക്ഷകരെ ചൂഷണം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലവിലില്ലാത്തതിനാലും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതിനാലും 22/08/2022 മുതല്‍ ലേണേഴ്സ് ലൈസന്‍സ് പരീക്ഷകള്‍ എല്ലാ ആര്.ടി.ഒ/സബ് ആര്.ടി ഓഫീസുകളിലും നടത്തുന്നതിന് തീരുമാനിച്ചു. അപേക്ഷകര്‍ അതാത് ഓഫീസുകളില്‍ തീയതിയും സമയവും ഓണ്‍ലൈനായി ബുക്ക് ചെയ്ത് പരീക്ഷയില്‍ പങ്കെടുക്കേണ്ടതാണ്.