Road safety: Seek help from insurance companies

റോഡ് സുരക്ഷ: ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടും

സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വാഹന ഇൻഷുറൻസിൽ നോൺ-വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യുവാൻ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു. റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി മനുഷ്യജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റിയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്തുവാനും നിർദ്ദേശിക്കും. അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോൾഡൻ ഹവർ ട്രീറ്റ്മെന്റിന്റെ ചെലവുകൾ വഹിക്കുന്നതിനും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കുവാനും റോഡരികുകളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർത്ഥിക്കും. ഇതിനായി സെപ്റ്റംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും IRDA ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കും. ആരോഗ്യരംഗത്ത് പ്രത്യേകിച്ച് മെഡിക്കൽ കോളേജുകളിൽ അത്യാഹിത വിഭാഗങ്ങളിൽ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം ഗണ്യമായി കുറഞ്ഞു.