ചാലക്കമ്പോളം നവീകരണം വേഗത്തിലാക്കും
വേളി ടൂറിസ്റ്റ് വില്ലേജിൽ കൺവെൻഷൻ സെന്റർ രണ്ട് മാസത്തിനുള്ളിൽ
ശംഖുമുഖത്ത് 6.6 കോടി രൂപയുടെ നവീകരണ പദ്ധതി
ബീമാപ്പള്ളി, വെട്ടുകാട് – അമിനിറ്റി സെന്റർ ഉടൻ പൂർത്തിയാക്കും
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ആധുനിക രീതിയിലുള്ള നവീകരണത്തിന് ഉന്നത തലയോഗം അംഗീകാരം നൽകി. വാഹനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ ആവശ്യമായ പാർക്കിംഗ് സൗകര്യവും, സാധിക്കുന്ന സ്ഥലങ്ങളിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും സജ്ജമാക്കും. പുത്തരിക്കണ്ടം മൈതാനത്തിന് പുറകിലും തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ സൗത്ത് ഗേറ്റിന്റെ എതിർവശത്ത് പവർ ഹൗസ് റോഡിലും വാണിജ്യ സമുച്ചയവും പാർക്കിംഗ് സൗകര്യവും ഒരുക്കും. കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള ചാലക്കമ്പോളത്തിലെ പ്രധാനപാത കാൽനട യാത്രക്കാർക്ക് മാത്രമായിരിക്കും. ചാലക്കമ്പോളത്തിന്റെ എട്ട് പ്രധാന പ്രവേശന റോഡുകളിൽ ഏകീകൃത രീതിയിലുള്ള സ്ഥിരം കമാനങ്ങൾ നിർമ്മിക്കും. കിഴക്കേകോട്ടയിലും കിള്ളിപ്പാലത്തും പ്രധാന കവാടങ്ങളും, പവർഹൗസ് റോഡിലും കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡിലും കവാടങ്ങൾ ഒരേ മാതൃകയിൽ നിർമ്മിക്കും. കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ ചാലക്കമ്പോളത്തിലെ വിവിധ ഭാഗങ്ങളിൽ ദിശാ ബോർഡുകളും അലങ്കാരവിളക്കുകളും സ്ഥാപിക്കും.
വേളി ടൂറിസ്റ്റ് വില്ലേജിൽ 20 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൺവെൻഷൻ സെന്ററും അനുബന്ധ സംവിധാനങ്ങളും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി തുറന്നു കൊടുക്കുവാനും ബീമാപ്പള്ളി, വെട്ടുകാട് എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുവാനും യോഗം തീരുമാനിച്ചു.
ശംഖുമുഖത്ത് 6.6 കോടി രൂപ മുടക്കി നവീകരണ പദ്ധതി ആരംഭിക്കാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകി. ശ്രീകണ്ഠേശ്വരം പാർക്കിന്റെ നവീകരണത്തിനായി രൂപരേഖ തയ്യാറാക്കി മൂന്ന് മാസത്തിനകം നിർമ്മാണം തുടങ്ങുവാൻ തീരുമാനിച്ചു.