Phase II of Route Rationalization – Completed at a rapid pace

റൂട്ട് റാഷണലൈസേഷൻ രണ്ടാംഘട്ടം – അതിവേഗം പൂർത്തിയാക്കി 
——————————————————————–
കെഎസ്ആർടിസി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ ദ്രുതഗതിയിൽ എല്ലാ ജില്ലകളിലും നടപ്പിലാക്കി വരികയാണ്.
കൊല്ലം ജില്ലയിൽ മാത്രം 1,90,542 രൂപയും പത്തനംതിട്ട ജില്ലയിൽ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം മാത്രം ലാഭിക്കുവാൻ കഴിയുന്നത്. ഇപ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരു ദിവസത്തെ ചെലവിൽ ലാഭിക്കുവാൻ കഴിഞ്ഞത് 3.66 ലക്ഷം രൂപയാണ്.
തിരുവനന്തപുരം ജില്ലയിൽ റൂട്ട് റേഷൻ ലൈസേഷൻ നടപ്പിലാക്കി വൻവിജയമായതിനെതുടർന്ന് കൊല്ലം പത്തനംതിട്ട ജില്ലകളുടെ റൂട്ട് ക്രമീകരണവും നടത്തുന്നതിന് നിർദ്ദേശം നൽകിയിരുന്നു.

കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട , തിരുവല്ല എന്നീ നാല് ക്ലസ്റ്ററുകളിലായുള്ള 16 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി നടത്തിയ വിശദമായ ചർച്ചകളെ തുടർന്നാണ് രണ്ടാംഘട്ട റൂട്ട് റാഷനലൈസേഷൻ വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചത്.
ഷെഡ്യൂളുകൾ അതിവേഗം പുന: ക്രമീകരിക്കുന്നതിന് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായ സഹകരണം പ്രശംസനീയമാണ്.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിലെ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ റീ അറേഞ്ച് ചെയ്ത് നേടാനായത് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമാണ്.
ഒരു ദിവസത്തെ ചെലവിൽ ലാഭിച്ചത് 3,66,347 രൂപയാണ്. 12,796 കിലോമീറ്റർ ആണ് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ മനസ്സിലാക്കിയിട്ടുള്ളത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 3311.45 ലിറ്റർ ഡീസൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം നമുക്ക് ലാഭിക്കുവാൻ സാധിക്കുന്നു. അതുകൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്സിനും മെറ്റീരിയലുകൾക്കുമായി അനുബന്ധ ചെലവുകളും വരുന്നുണ്ട്. അതിലൂടെ നമുക്ക് 51,182 രൂപ ലാഭിക്കുവാൻ കഴിയും. ആകെ പ്രതിദിന ലാഭം 3,66,347 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 1,09,90,410 രൂപയാണ്.

ഇത്തരത്തിൽ ഡെഡ് കിലോമീറ്റർ ഒഴിവാക്കിയപ്പോഴും ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇതേ രീതിയിൽ മറ്റ് എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ പൂർത്തിയാക്കി വരികയാണ്.
തിരുവനന്തപുരം ജില്ലയിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ 30 ദിവസത്തെ ലാഭം 98,94,930.90 രൂപയും കൊല്ലം പത്തനംതിട്ട ജില്ലകളിലേത് 1,09,90,422 രൂപയുമാണ്. രണ്ട് ജില്ലകളിൽ നിന്നുമുള്ള ആകെ ലാഭം 2,08,85,352.9 രൂപയാണെന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ടത് തന്നെയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും കെഎസ്ആർടിസി യൂണിറ്റുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കഴിയുമ്പോൾ കെഎസ്ആർടിസിക്ക് മികച്ച നേട്ടം കൈവരിക്കാനാകും.

ഇത്തരം കൂട്ടായ പരിശ്രമത്തിലൂടെയും വ്യക്തമായ പ്ലാനിങ്ങോടും കൂടിയ പ്രവർത്തനത്തിലൂടെ കെഎസ്ആർടിസി-യുടെ വലിയ നഷ്ടങ്ങൾ നമുക്ക് കുറച്ചു കൊണ്ടുവരാൻ സാധിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുമാത്രം കാണുവാൻ സാധിക്കുന്നത്.