New duty pattern success in KSRTC

കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയിൽ നടപ്പാക്കിയ പുതിയ ഡ്യൂട്ടി പാറ്റേൺ വിജയം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കണക്കു പ്രകാരം ഓപ്പറേറ്റിംഗ് ബസ്സ് റേഷ്യോ 30-ൽ നിന്ന് 47 ആയും ഓപ്പറേറ്റിങ് ഷെഡ്യൂൾ 881-ൽ നിന്ന് 1760 ആയും വർദ്ധിച്ചു. യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും വൻവർദ്ധനയാണ് ഇക്കാലയളവിൽ ഉണ്ടായത് .
കെഎസ്ആർടിസിക്ക് 5265 ബസുകൾ ഉണ്ടെങ്കിലും 4000-ൽ പരം ബസുകൾ മാത്രമേ അശാസ്ത്രീയമായ ഡ്യൂട്ടി പാറ്റേൺ കാരണം ഓടിക്കാൻ കഴിയുന്നുള്ളൂ. കേന്ദ്ര മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരം നടപ്പിലാക്കിയ പുതിയ ഡ്യൂട്ടി പാറ്റേൺ പരാജയപ്പെടുത്തുവാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും അതിനെ അതിജീവിച്ചാണ് നടപ്പിലാക്കിയത്. ഇന്ധന വില വർദ്ധനവും ബൾക്ക് പർച്ചേസർ എന്ന നിലയിൽ ലഭിച്ചിരുന്ന ആനുകൂല്യം നിർത്തലാക്കിയതും ടയറിന്റെയും സ്പെയർ പാർട്സുകളുടെയും അമിതവിലയും കോവിഡ് കാലഘട്ടത്തിലെ പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് കെഎസ്ആർടിസി മുന്നോട്ടു പോകുന്നത് . കെഎസ്ആർടിസി പുനരുദ്ധാരണം സംബന്ധിച്ച് സുശീൽ ഖന്ന റിപ്പോർട്ട് പല കാരണങ്ങളാൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും റിപ്പോർട്ട് നടപ്പിലാക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടപ്പിലാക്കി വരികയാണ്. കെഎസ്ആർടിസിയുടെ ഭരണ നിർവഹണ ഓഫീസുകൾ 98-ൽ നിന്ന് 15 ആയി കുറച്ചു. വർഷോപ്പുകൾ 98-ൽ നിന്ന് 22 ആയി കുറയ്ക്കും. ജീവനക്കാരെയും ബസ്സുകളെയും ശാസ്ത്രീയമായി പുനർവിന്യസിച്ച് കെഎസ്ആർടിസി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

മുൻപ് ഭീമമായ പലിശ നിരക്കിൽ കടമെടുത്ത് ബസുകൾ വാങ്ങിക്കൂട്ടിയത് കെഎസ്ആർടിസിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി . ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുവാൻ കെഎസ്ആർടിസിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കുറഞ്ഞ പലിശ നിരക്കിൽ കിഫ്‌ബിയിൽ നിന്ന് 814 കോടി രൂപ വായ്പ എടുത്ത് പുതിയ1783 ബസ്സുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സർക്കുലറിന് വേണ്ടി വാങ്ങിയ 50 ഇലക്ട്രിക് ബസ്സുകളിൽ 40 എണ്ണം ഇപ്പോൾ സർവീസ് നടത്തുന്നു. 10 ബസ്സുകൾ ഉടനെ എത്തും. പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ഡീസൽ ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ 125 പുതിയ ബസുകൾ ലഭിക്കും. ശബരിമല സീസൺ കഴിഞ്ഞ് സ്വകാര്യ ബസ്സുകൾ ഓടിക്കുന്ന ദീർഘദൂര റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കുന്ന കാര്യം പരിശോധിക്കും. കെഎസ്ആർടിസി ജീവനക്കാർക്ക് നിലവിൽ ശമ്പള കുടിശ്ശിക ഇല്ല. സർക്കാർ നൽകുന്ന 50 കോടിക്ക് പുറമേ 9% പലിശയ്ക്ക് കെഎസ്ആർടിസി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. ബാങ്കിലെയും ട്രഷറിയിലെയും സ്വാഭാവിക കാലതാമസം മാത്രമേ ശമ്പള വിതരണത്തിൽ ഉണ്ടാവുന്നുള്ളൂ .