വരുമാനം 6.5 കോടി കവിഞ്ഞു, ഒരു ലക്ഷത്തിലധികം യാത്രക്കാർ
അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സർവീസുകളിൽ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ നവംബർ ഒന്നിനാണു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സർവീസുകൾ ആരംഭിച്ചത്. 100 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ടൂറിസത്തിന്റെ പ്രത്യേക സർവീസുകൾ ഉപയോഗപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര സാധ്യമാകുമെന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സിക്ക് അധികവരുമാനം കണ്ടെത്തുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 427 ടൂർ പാക്കേജുകളാണ് നിലവിലുള്ളത്. ഇതുവരെ 2000 ത്തോളം വിനോദ സഞ്ചാര സർവീസുകൾ കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചു. വാരാന്ത്യങ്ങളിലാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നതും കൂടുതൽ ആവശ്യക്കാരുള്ളതും മൂന്നാർ പാക്കേജിനാണ്. ഏകദേശം 25 ഡിപ്പോകളിൽ നിന്നായി മൂന്നാറിലേക്ക് സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിലെ നെഫെർറ്റിറ്റി ആഡംബര ക്രൂയിസുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്ന സർവീസുകളും മികച്ചതാണ്. മലക്കപ്പാറ പോലുള്ള പ്രത്യേക ഇടങ്ങളിലേക്കുള്ള ടൂർ പാക്കേജുകളും ജനപ്രിയമാണ്. നെല്ലിയാമ്പതി, വയനാട്, മൺറോ തുരുത്ത്, കുമരകം, പൊ•ുടി തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളും ബജറ്റ് ടൂറിസത്തിലുണ്ട്.
മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ തന്നെ താമസ സൗകര്യം ഉൾപ്പെടുത്തിയാണ് പാക്കേജുകൾ നൽകുന്നത്. മറ്റിടങ്ങളിൽ ആവശ്യമെങ്കിൽ താമസ സൗകര്യം ക്രമീകരിച്ചു നൽകുകയും ചെയ്യും. സർവീസുകളിൽ 80 ശതമാനവും താമസ സൗകര്യം ആവശ്യമില്ലാത്ത ഏകദിന സർവീസുകളാണ്. കെ.എസ്.ആർ.ടി.സി. ഡിപ്പോകൾ മുഖേന പാക്കേജ് ബുക്ക് ചെയ്യാം.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അന്തർ സംസ്ഥാന യാത്രകൾ കൂടി ഉൾപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. കർണാടകയിലെ വിനോദ സഞ്ചാര മേഖലകളിലേക്ക് പ്രത്യേക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായി. ഇത്തരത്തിൽ തമിഴ് നാട്ടിലേക്കും യാത്രകൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. കൂടാതെ രാജ്യത്തെ മുഴുവൻ വിനോദ സഞ്ചാര മേഖലകളെയും കോർത്തിണക്കുന്ന രീതിയിൽ പ്രത്യേക പാക്കേജുകൾ നടപ്പാക്കുന്നതിന് ഐ ആർ സി ടി സി യുമായി ആദ്യഘട്ട ചർച്ചകളും പൂർത്തിയായി.