KSRTC with Rapid Repair Team for immediate solution in case of bus breakdown

ബസ് തകരാറിലായാൽ തത്സമയ പരിഹാരത്തിന് റാപ്പിഡ്‌ റിപ്പയർ ടീമുമായി കെഎസ്‌ആർടിസി

പൊതുനിരത്തിൽ അപ്രതീക്ഷിതമായി കെഎസ്‌ആർടിസി ബസുകൾ തകരാറിലായാൽ തത്സമയ പരിഹരമൊരുക്കുന്നതിന് റാപ്പിഡ്‌ റിപ്പയർ ടീമിനെ (ആർആർടി) അവതരിപ്പിച്ച് കെഎസ്‌ആർടിസി. കേടായ ബസ് വഴിയിൽ കിടന്ന്‌ സമയം പോകുന്നത്‌ ഒഴിവാക്കാനാണ് പ്രത്യേക ടീം.

ബസ് തകരാറിലായാൽ ആർആർടിയെ അറിയിച്ചാൽ ഉടൻ റാപ്പിഡ്‌ റിപ്പയർ ടീമെത്തും. മൊബൈൽ വർക്‌ഷോപ്‌ വാനിൽ രണ്ടു ജീവനക്കാരുണ്ടാകും. 24 മണിക്കൂറും ടീം നിരത്തിലുണ്ടാകും. ആദ്യഘട്ടത്തിൽ 10 ടീമിനെയാണ്‌ നിയമിച്ചത്‌. അശോക്‌ ലൈലാൻഡിന്റെ 10 മിനി മൊബൈൽ വർക്‌ഷോപ്‌ വാനുകളാണ്‌ വിവിധ ജില്ലകൾക്കായി നൽകിയത്‌. വാനുകളിൽ എല്ലാവിധ ഉപകരണങ്ങളും സ്‌പെയർ പാർട്‌സ്‌, റീകണ്ടീഷൻ യൂണിറ്റുകൾ, സ്‌പെയർ ടയർ എന്നിവയുമടക്കം ക്രമീകരിച്ചിട്ടുണ്ട്‌. വാനുകളിൽ കാമറയും സജ്ജീകരിച്ചു. ഈ വാനുകൾ എവിടെയൊക്കെ ഉണ്ടെന്ന്‌ തത്സമയം കൺട്രോൾ റൂമിൽ അറിയാം.

ബസ്‌ കേടായാൽ ജീവനക്കാർക്ക്‌ ആർആർടിയെ വിളിക്കാൻ പ്രത്യേക മൊബൈൽ നമ്പരും നൽകി. പാറശാല, കൊട്ടാരക്കര, എറണാകുളം, പാലക്കാട്‌, ബത്തേരി, തിരുവനന്തപുരം സിറ്റി, പത്തനാപുരം, മൂന്നാർ, താമരശേരി, കാസർകോട്‌ എന്നിവിടങ്ങളിലാണ്‌ മൊബൈൽ വാനുകൾ സജ്ജമാക്കിയത്‌. താമസിയാതെ മറ്റിടങ്ങളിലേക്കും സേവനം ലഭ്യമാക്കും. സാധാരണ ബസ്‌ ഡിപ്പോയിൽ എത്തിച്ചാണ്‌ നന്നാക്കുക. യാത്രക്കാർ വേറെ ബസുകളിൽ കയറി പോകേണ്ടിവരും. ആർആർടി വന്നതോടെ അതിന്‌ മാറ്റമുണ്ടാകും. തുടർയാത്ര അതേ ബസിൽ സാധ്യമാകും

ബസ് തകരാറുകൾ തത്സമയത്തിൽ പരിഹരിച്ച് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌ആർടിസി ആരംഭിച്ച റാപ്പിഡ്‌ റിപ്പയർ ടീം (RRT) സംവിധാനത്തിന് യാത്രാസൗകര്യ രംഗത്ത് വലിയ മാറ്റം കൊണ്ടുവന്നതായി വിലയിരുത്താം. പുതുതായി ഒരുക്കിയ മൊബൈൽ വർക്‌ഷോപ് വാനുകളും വിദഗ്ധരായ ജീവനക്കാരും സഹകരിക്കുമ്പോൾ, യാത്ര മധ്യേ ഉണ്ടാകുന്ന തകരാറുകൾക്ക് ഇടയിൽ തന്നെ പരിഹാരം ലഭിക്കുകയാണ്. ഈ സംവിധാനം യാത്രക്കാർക്ക് സുരക്ഷിതവും തുടർച്ചയായതുമായ യാത്രാ അനുഭവം നൽകുന്നുതോടൊപ്പം കെഎസ്‌ആർടിസിയുടെ സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്.