അത്യാധുനിക യാത്ര കുറഞ്ഞ ചെലവിൽ ; KSRTC എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് ആരംഭിച്ചു
അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് സർവീസിന് തുടക്കമായി. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിലുള്ള യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ നിരത്തിൽ എത്തുന്നത്. ആദ്യഘട്ടത്തിൽ 10 പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് നടത്തും.
ബസിൽ എയർ കണ്ടീഷൻ സൗകര്യത്തിനു പുറമെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭിക്കും. ഒരു ജിബി വൈഫൈയ്ക്ക് പുറമെ ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. റീക്ലൈനിങ് സൗകര്യമുള്ള 2×2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലാമ്പുകൾ, ബോട്ടിൽ ഹോൾഡറുകൾ,മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസി ടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സൗകര്യവുമുണ്ട്.
വ്യക്തിഗത വാഹനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരെ കൂടുതലായി പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള ബസ് തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ ഒരു മാസത്തെ ട്രയൽ റണ്ണിന് ശേഷമാണ് നിരത്തിലെത്തുന്നത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്രക്കാർക്ക് ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യമൊരുക്കും. സൂപ്പർഫാസ്റ്റിനും എക്സ്പ്രസിനും ഇടിയിലാകും നിരക്ക്. തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിലാകും സർവീസ്. 100-120 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. ടാറ്റാ മോട്ടോഴ്സ് നിർമ്മിച്ച ബിഎസ്6 ബസിന് 39.8 ലക്ഷം രൂപയാണ് വില. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ജനകീയ ഗതാഗത സേവനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് പ്രീമിയം എസി സർവീസ് കെഎസ്ആർടിസിയ്ക്ക് വലിയ നേട്ടത്തിന് വഴിയൊരുക്കും.