കേരള സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ (KSRTC) ജീവനക്കാർക്ക് ഒരുമാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്യുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒന്നര വർഷത്തിനുള്ളിൽ ആദ്യമായാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്തത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി നൽകുമെന്ന് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എല്ലാ ജീവനക്കാർക്കും ശമ്പളം സമയബന്ധിതമായി ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.

ഈ നേട്ടത്തിലേക്ക് എത്തിച്ചേരുന്നതിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നിയന്ത്രണവും പ്രവർത്തന പരിഷ്കരണങ്ങളും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ഓഫ് റോഡ് 500 ൽ താഴെയായി കുറയ്ക്കുന്നതിനും സർവീസ് ഓപ്പറേഷൻ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി അടുത്തകാലത്തായി കെഎസ്ആർടിസിയിൽ നടപ്പിൽ വരുത്തിയ പുരോഗമനപരമായ പരിഷ്കാരങ്ങൾ വിജയകരമാക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച ജീവനക്കാർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

വിവേകപരമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കെഎസ്ആർടിസി സ്വയം പര്യാപ്തതയുടെ പാതയിലാണ്. ആയതിലേക്ക് ജീവനക്കാരുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.

തുടർന്നുള്ള കാലയളവിലും കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.ഇത് ജീവനക്കാരിൽ കൂടുതൽ ആത്മാർത്ഥതയോടും അർപ്പണ മനോഭാവത്തോടുമുള്ള കർത്തവ്യ നിർവഹണത്തിന് പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു.