Aim for best driving training at an affordable price

കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കും

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം ലക്ഷ്യം

ഏറ്റവും മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അർഹത നേടുന്നവർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആർടിസിയിലൂടെ ലഭ്യമാക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകി അതാതിടങ്ങളിൽത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ ഉപയുക്തമാകുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി.

ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന പ്രസ്തുത ഡ്രൈവിംഗ് സ്കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.