സംസ്ഥാനത്തെ പൊതു ഗതാഗത മേഖലക്ക് പുത്തനുണർവായി 131 സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിൽ. നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്രയധികം ബസുകൾ ഒന്നിച്ച് നിരത്തിൽ സർവീസിനായി ലഭിക്കുന്നത്. കെഎസ്ആർടിസിയുടെ അഭിമാന സർവീസ് ആയ സൂപ്പർഫാസ്റ്റ് ബസ്സുകൾ പലതും കാലാവധിയോടടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിനായി ലഭ്യമാക്കുന്നത്. കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷമാകുമ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ 116 ബസ്സുകൾ നിരത്തിലിറക്കിയിരുന്നു. അതിനുശേഷം 50 ഇലക്ട്രിക് ബസ്സുകളും കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിനായി നിരത്തിലിറക്കിയിരുന്നു. നിലവിൽ 166 ബസ്സുകൾ ആണ് കെഎസ്ആർടിസി സ്വിഫ്റ്റ്ന് ഉള്ളത്. തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് സിറ്റി സർക്കുലർ ബസുകൾ യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റി വിജയകരമായി സർവീസ് നടത്തുകയാണ്. 2022-23 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നാണ് പുതിയ ബസ്സുകൾക്കുള്ള ധനസമാഹരണം നടത്തിയത്. 12 മീറ്റർ നീളമുള്ള പുതിയ ബസ്സിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്യൂബ് ലെസ്സ് ടയറുകൾ, എബിഎസ് സിസ്റ്റം, ഒ ബി ഡി, ജിപിഎസ് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ക്യാമറകളും അനൗൺസ്മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുഖകരമായ യാത്രയ്ക്ക് എയർ സസ്പെൻഷൻ, എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് യൂണിറ്റ് മുതലായ സൗകര്യങ്ങൾ ഉണ്ട്. പുതിയ ബസുകൾ സർവീസിന് ലഭിക്കുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.