സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾ പോലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡേറ്റയും ക്യാമറ ഫീഡും പോലീസ് വകുപ്പിന് ആവശ്യാനുസരണം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ വീഡിയോ ഫീഡും മറ്റ് ഡാറ്റയും
പോലീസ്, എക്സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും.
ഇതിന്റെ ഏകോപനത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനും ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പോലീസ്, എക്സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകളുടെ മേധാവികൾ അംഗങ്ങളായും കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധനകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകൾ വഴി നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനായുള്ള “Fully Automated Traffic Enforcement System” സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ ദേശീയ / സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ചാണ് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളിൽ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ (Hit & Run cases) തുടങ്ങിയവ കണ്ടുപിടിക്കാൻ ഉപയോഗിക്കും.
അനധികൃത പാർക്കിംഗ് കണ്ടുപിടിക്കുന്നതിന് 25 ക്യാമറകൾ, അമിത വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്ന 4 fixed ക്യാമറകൾ, വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള 4 ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കുവാൻ സഹായിക്കുന്ന 18 ക്യാമറകൾ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. 14 ജില്ലകളിലും കൺട്രോൾ റൂമുകളും സ്ഥാപിക്കും.