Kochi Water Metro - Water transport will be on another level

കൊച്ചി ടൂറിസത്തിന്റെ മുഖച്ഛായ മാറ്റുന്ന കൊച്ചി വാട്ടർ മെട്രോ

കൊച്ചി ടൂറിസത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, ലോകത്തെ മികച്ച അർബൻ വാട്ടർ ട്രാൻസ്പോർട്ടേഷൻ സിസ്റ്റമായി മാറാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി വാട്ടർ മെട്രോ. 76 കിലോമീറ്റര്‍ ദൂരത്തിൽ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.

ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുമുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടുകളാണ് വാട്ടർ മെട്രോയിൽ ഉണ്ടാവുക. ലോകത്താദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ഒരുങ്ങുന്നത്.

എയര്‍കണ്ടീഷന്‍ ബോട്ടിൽ 10 നോട്ടിക്കല്‍ മൈല്‍ വേഗതയിൽ ഒരേസമയം 100 പേര്‍ക്ക് സഞ്ചരിക്കാൻ കഴിയും. കൊച്ചിൻ ഷിപ്പ്‌യാർഡാണ് 23 ബോട്ടുകൾ വാട്ടർ മെട്രോയ്ക്കായി നിർമ്മിക്കുന്നത്. പണി പൂർത്തിയായ “മുസിരിസ്” പ്രവർത്തനക്ഷമമായി. ബാക്കിയുള്ളവ നവംബറോടെ പണി പൂർത്തിയാക്കി കൈമാറും.

കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി വാട്ടര്‍മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണവും വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്റെ നിർമ്മാണം പൂര്‍ത്തിയായി. ആറെണ്ണം ജൂണോടെ പൂര്‍ത്തിയാകും.

കേരളത്തിലെ കായൽ ടൂറിസത്തിന്റെ പുത്തൻ സാധ്യതകളാണ് വാട്ടർ മെട്രോ തുറക്കുന്നത്. കൊച്ചി കായലിലൂടെ വിവിധ ദ്വീപുകളെയും പ്രധാന പ്രദേശങ്ങളെയും കണക്റ്റ് ചെയ്യുന്ന വാട്ടർ മെട്രോ നിരവധി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയുടെ ഹൃദയഭാഗമായ തൃക്കാക്കരയും കൊച്ചിയുടെ പൊതുജലഗതാഗത ഭൂപടത്തിന്റെ ഭാഗമാണ്. കൊച്ചി വാട്ടര്‍മെട്രോയ്ക്ക് തൃക്കാക്കര മണ്ഡലത്തില്‍ 2 ടെര്‍മിനലുകളാണുള്ളത്. വെെറ്റിലയും കാക്കനാടും. വൈറ്റില-കാക്കനാട് റൂട്ടില്‍ ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കുകയും ടെർമിനലുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.

വൈറ്റില-കാക്കനാട്‌ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവീസ്‌ നടത്തിയത്. 30 രൂപക്ക്  20 മിനിറ്റില്‍ വൈറ്റിലയില്‍ നിന്നും  കാക്കനാടെത്താം. ഹൈക്കോര്‍ട്ട്-വൈറ്റില റൂട്ടില്‍ ഡ്രഡ്ജിംഗ് പുരോഗമിക്കുകയാണ്.