സംശയങ്ങൾ പരിഹരിക്കാനും സേവനം നൽകാനും മോട്ടോർ വാഹന വകുപ്പിൽ വെർച്വൽ പിആർഒ
മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനും സേവനം നൽകാനും വെർച്വൽ പിആർഒ സംവിധാനം നടപ്പാക്കി ഗതാഗതവകുപ്പ്. പിഴകളും മറ്റ് ഫീസും ഓൺലൈനായി അടയ്ക്കുന്നതുമുതൽ എംവിഡിയുമായി ബന്ധപ്പെട്ട എല്ലാ സേവനവും ഈ ഡിജിറ്റൽ സർവീസ് ഡയറക്ടറി കാർഡ് വഴി സാധ്യമാകും. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളെ കുറിച്ചുള്ള അവശ്യ വിവരങ്ങൾ, വിശദീകരണ വീഡിയോകൾ, ഓഡിയോകൾ, ഡോക്യുമെന്റുകൾ, ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലേക്കുള്ള നേരിട്ടുള്ള ഹൈപ്പർലിങ്കുകൾ എന്നിവ വെർച്വൽ പിആർഒ കാർഡിലൂടെ ലഭിക്കുന്നു.
ഓഫീസുകളിലും പൊതുയിടങ്ങളിലും സോഷ്യൽമീഡിയയിലും ലഭ്യമായ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് പിഡിഎഫ് ഫോർമാറ്റിലുള്ള വെർച്വൽ പിആർഒ കാർഡ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം. ഇ-ചെലാൻ, ലൈസൻസ് ഡൗൺലോഡ് പോലുള്ള ട്യൂട്ടോറിയലുകളും മോട്ടോർ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇ-ചലാൻ, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ടാക്സ്, സർക്കുലർ/ അറിയിപ്പ്, റോഡ് സുരക്ഷാ അവബോധം, 112 എസ്ഒഎസ് തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുന്നതാണ് വെർച്വൽ പിആർഒ കാർഡ് സംവിധാനം.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്യാംപസ് ഇൻഡസ്ട്രീസ് എന്ന പദ്ധതിയുടെ ഭാഗമായാണ് വെർച്വർ പിആർഒ വികസിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരി, വിസ്മയ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്, സ്കിൽ ഏജ് ഡിജിറ്റൽ അക്കാദമി മലപ്പുറം എന്നിവടങ്ങളിലെ വിദ്യാർഥികൾ ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരിപാലനവും പ്രവർത്തനവുമെല്ലാം ഈ സ്ഥാപനങ്ങൾ തന്നെയായിരിക്കും ചെയ്യുക.
ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെത്തും. വാഹനനമ്പർ നൽകിയാൽ ഫൈൻ ഉണ്ടോ എന്നറിയാം. പിഴകളും മറ്റു ഫീസുകളും ഓൺലൈനായി അടക്കുന്നത് മുതൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ വെർച്വൽ സംവിധാനത്തിൽ സാധ്യമാകും. പബ്ലിക് റിലേഷൻസ് ഓഫീസർമാരിലൂടെ പൊതുജനങ്ങൾക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ലഭ്യമായിരുന്ന വിവരങ്ങൾ ലഭിക്കുന്നതു പോലെ ഒരു പിആർഒ നൽകുന്ന എല്ലാ വിവരങ്ങളും ഈ വെർച്വൽ പിആർഒ വഴി ലഭ്യമാകുന്നു.