തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട് – വലിയതുറ, വലിയതുറ – ബീമാപള്ളി, വലിയതുറ – എയർപോർട്ട് റോഡുകളുടെ വികസനത്തിന് 7.65 കോടി രൂപയുടെ ഭരണാനുമതി . റോഡുകളുടെ വികസനത്തിന് നബാർഡ് നൽകുന്ന 6.12 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 1.53 കോടി രൂപയും ചേർന്നാണ് തുക അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ മണക്കാട് മുതൽ വലിയതുറ വരെയും അവിടെ നിന്ന് ബീമാപള്ളിയിലേക്കും എയർപോർട്ടിലേക്കും ഉള്ള റോഡുകളാണ് ബി എം & ബി സി ഉന്നത സാങ്കേതിക നിലവാരത്തിൽ വികസിപ്പിക്കുന്നത്. ഇതോടെ നഗരത്തിൽ നിന്നും എയർപോർട്ടിലേക്കും തീർത്ഥാടന കേന്ദ്രങ്ങളായ ബീമാപള്ളിയിലേക്കും വെട്ടുകാട് പള്ളിയിലേക്കും വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖത്തേക്കും സുഗമമായി യാത്ര ചെയ്യാം. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.