Transport Minister KB Ganesh Kumar says that real-time travel information of KSRTC buses will now be available on the 'Chalo' mobile app.

പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം  നിർവഹിച്ചു

 പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട് കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ് ചെയ്യാനാകും. അച്ചടിച്ച 90,000 കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. അഞ്ചുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാക്കുമെന്നും അറിയിച്ചു.  

നിലവിൽ 26 കെഎസ്ആർടിസി  ഡിപ്പോകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. റോഡിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ  ബസുകളിൽ ഏർപ്പെടുത്തിയ ഡസ്റ്റ് ബിൻ സൗകര്യം  സ്വകാര്യ ബസ്സുകളിലും സജ്ജമാക്കും. ദീർഘദൂര യാത്രയ്ക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉടൻ നിരത്തിലിറക്കുമെന്നും വൈഫൈ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
 2000 ഡസ്റ്റ് ബിന്നുകളുടെയും  ബസ്സ് സ്റ്റേഷനുകളിലേക്ക് ലഭിച്ച 600 ഡസ്റ്റ് ബിന്നുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനവും പത്തനാപുരം യൂണിറ്റിൽ പുതുതായി പണികഴിപ്പിച്ച ഗ്യാരേജ് ഷെഡിൻ്റെയും ‘മില്ലറ്റ് മാതൃകാതോട്ടം’ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.

പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7,24,000 രൂപ വിനിയോഗിച്ചാണ് പത്തനാപുരം  ഡിപ്പോ കമ്പ്യൂട്ടർവൽക്കരിച്ചത്. ചീഫ് ഓഫീസ് ഉൾപ്പെടെ മുഴുവൻ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. മുത്തുറ്റ് മിനി ഗ്രൂപ്പാണ് ഡസ്റ്റ്ബിന്നുകൾ സ്പോൺസർ ചെയ്തത്.
കെ.എസ്.ആർ.ടി.സിയും ജഗൻസ് മില്ലറ്റ് ബാങ്കും സംയുക്തമായി മില്ലറ്റ്/ ചെറുധാന്യങ്ങളുടെ പ്രചരണാർത്ഥം   നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മില്ലറ്റ് മാതൃകാതോട്ടം’.