Excellence in leadership and innovation; KSRTC wins the 11th Governance Now PSU Award

നേതൃത്വത്തിലും നവീകരണത്തിലും മികവ്; 11-ാമത് ഗവേണൻസ് നൗ പിഎസ്‌യു പുരസ്‌കാരം നേടി കെഎസ്ആർടിസി

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് ദേശീയ തലത്തിൽ ഗവേണൻസ് നൗ പിഎസ്‌യു അവാർഡ് സ്വന്തമാക്കി കെഎസ്ആർടിസി. മികച്ച നേതൃത്വത്തിലും സാങ്കേതിക നവീകരണത്തിലും കെഎസ്ആർടിസി കൈവരിച്ച നേട്ടങ്ങൾക്ക് ആണ് 11-ാമത് ഗവേണൻസ് നൗ പിഎസ്‌യു പുരസ്‌കാരം ലഭിച്ചത്. നേതൃത്വത്തിനുള്ള പിഎസ് യു ലീഡർഷിപ്പ് അവാർഡ്, ഓട്ടോമേഷന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് കെഎസ്ആർടിസി തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്യു) സംഭാവനകളെയും നേട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന വേദിയാണ് ഗവേണൻസ് നൗ പിഎസ്യു അവാർഡുകൾ. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിലും സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും നവീകരണം വളർത്തുന്നതിലും പൊതുമേഖല സ്ഥാപനങ്ങളുടെ പ്രാധാന്യത്തിനുള്ള അംഗീകാരമായി ഈ പുരസ്‌കാരം അറിയപ്പെടുന്നു. ഡിജിറ്റലൈസേഷൻ ശ്രമങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും പൗരസേവനങ്ങളും മെച്ചപ്പെടുത്താൻ പൊതുമേഖല സ്ഥാപനങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ആണ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. 10 വ്യത്യസ്ത വിഭാഗങ്ങളിലായാണ് അംഗീകാരം നൽകുന്നത്. ഒരു സ്ഥാപനത്തിന് പരമാവധി നാല് വിഭാഗങ്ങളിൽ വരെ നോമിനേഷൻ സമർപ്പിക്കാം.

നവീകരണ പ്രവർത്തനങ്ങളും സർവീസ് ഓപ്പറേഷനിലും അഡ്മിനിസ്‌ട്രേഷനിലും മെയിൻറനൻസിലും ഗുണപരമായ പുതിയ ആശയങ്ങൾ നടപ്പിലാക്കിയതുംനൂതന പരിഷ്‌കാരങ്ങളിലൂടെ കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കാൻ കഴിഞ്ഞതും കെഎസ്ആർടിസിയെ അംഗീകാരത്തിനർഹമാക്കി.

ആൻഡ്രോയിഡ് ബേസ്ഡ് ടിക്കറ്റിങ് സൊല്യൂഷൻ സംവിധാനവും എല്ലാ ഡിപ്പോകളിലും ഇ-ഓഫീസ് സംവിധാനം വിപുലീകരിച്ചു, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഏറ്റവും നൂതനമായ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം, സിസിടിവി ക്യാമറ സംവിധാനം ശക്തമാക്കിയതിലൂടെ പ്രധാന ഡിപ്പോകളിൽ സുരക്ഷയും നിരീക്ഷണവും വർധിപ്പിച്ചു. 492 ഫിംഗർപ്രിന്റ് മെഷീനുകൾ SPARK അപ്ലിക്കേഷനുമായി സംയോജിപ്പിച്ച് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനത്തിലൂടെ കാര്യക്ഷമമായ ശമ്പള വിതരണം സാധ്യമാക്കി, ഓൺലൈൻ കൺസഷൻ സിസ്റ്റം (www.concessionksrtc.com) വഴിയുള്ള വിദ്യാർത്ഥികളുടെ കൺസഷൻ നടപടികൾ ലളിതമാക്കി. ഗൂഗിൾ ട്രാൻസിറ്റ് സംയോജനത്തിലൂടെ യാത്രക്കാർക്ക് നാവിഗേഷനും ഷെഡ്യൂൾ ട്രാക്കിങ്ങും മെച്ചപ്പെടുത്തി. റെന്റൽ മാനേജ്‌മെന്റ് സിസ്റ്റം വഴി എസ്റ്റേറ്റ് വിഭാഗം പണമിടപാടുകൾ സ്വയംപര്യാപ്തമാക്കിയത് ഉൾപ്പെടെയുള്ള നൂതന പദ്ധതികളാണ് കെഎസ്ആർടിസി അടുത്തിടെ നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങൾ.