ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം
കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കേരളത്തിൽ ഗതാഗതസൗകര്യ വികസന ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് . ഒരു പഞ്ചായത്തിലെ സഞ്ചാരയോഗ്യമായ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടികൾ സർവ്വീസ് നടത്തുക.ആദ്യമായാണ് ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സർവീസ് നടപ്പാക്കുന്നത് എന്നതും പദ്ധതിയുടെ പ്രേത്യേകതയാണ്. ഗ്രാമീണ മേഖലയിൽ കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തുന്നത് ഗ്രാമീണ ഗതാഗത വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഈ പദ്ധതിക്കായി സ്പോൺസർ ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാർഷിക ആഘോഷങ്ങൾ, കമ്പനികള്‍ നടത്തുന്നവർ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോൺസർ ചെയ്യാനാകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യം ഉൾപ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും .
പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പദ്ധതിക്ക് തുടക്കമായത് . നിലവിലെ സാഹചര്യത്തിൽ കൂടുതൽ ബസുകൾ ലാഭകരമല്ലാതെ സർവ്വീസ് നടത്താനാകാത്ത സ്ഥിതിയാണ്. പല ഉൾപ്രദേശങ്ങളിലും ബസ് സർവ്വീന്റെ അപര്യാപത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത് .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടിൽ നിർദ്ദേശിക്കുന്ന സമയത്ത് ബസ് സർവ്വീസ് നടത്തും. പ്രാദേശിക തല സ്പോൺസർഷിപ്പിലൂടെ സർവ്വീസ് നടത്താനാവുന്നത് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹായകമാവും.
കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി സഹായകമാവും .
സർവ്വീസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർപാർടുസുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചിലവ് കെഎസ്ആർടിസിയും വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിലും ഓഗസ്റ്റ് മാസത്തിൽ ഗ്രാമണ്ടികളുടെ സർവ്വീസ് ആരംഭിക്കും.