സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും വിവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഗോത്ര വിഭാഗങ്ങളെ അടിസ്ഥാന സൗകര്യവികസനത്തിന് അത്യാവശ്യമായ യാത്ര സംവിധാനത്തിന് സ്വയം പര്യാപ്തമാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണ് ഗോത്ര സേവ. നാളെയുടെ സാരഥിയാകാൻ നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനുമായാണ് ഗോത്ര വിഭാഗങ്ങളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി മോട്ടോർവാഹന വകുപ്പ് പദ്ധതി തയാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭ ഘട്ടമായി ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, മാങ്കുളം പഞ്ചായത്തിലെ 13 കുടികളിലെ ഗോത്ര ജനങ്ങൾക്കായി ദേവികുളം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകി, ലൈസൻസ് ലഭ്യമാക്കും.
ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ, ഊര് മൂപ്പൻ, തദ്ദേശസ്വയംഭരണ ഭാരവാഹികൾ, എസ്.ടി. പ്രൊമോട്ടർ എന്നിവരിൽ നിന്നും വിവരശേഖരണം നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി അവരിൽ നിന്നും അപേക്ഷ നേരിട്ട് സ്വീകരിക്കുന്നതാണ് പദ്ധതിയുടെ നയം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗുണഭോക്താക്കൾക്ക് ലേണേഴ്സ് പരീക്ഷയ്ക്കുള്ള പാഠങ്ങൾ പഠിപ്പിക്കുകയും, പരീക്ഷക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുകയും സിലബസ് അനുസരിച്ചുള്ള ഡ്രൈവിംഗ് തിയറിയും നൽകും. പദ്ധതി നടത്തിപ്പിനു വേണ്ട സാമ്പത്തിക സഹായം സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തുന്നത്. പരിശീലനം പൂർത്തിയാകുന്ന ഘട്ടത്തിൽ കുടിയിൽ വച്ച് തന്നെ പരീക്ഷ നടത്തി, ഉടനടി ലൈസൻസ് ലഭ്യമാക്കും.
സ്ത്രീകളും യുവാക്കളുമടക്കമുള്ളവരെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നത് വഴി സ്വയം തൊഴിൽ സാധ്യതകൾ വർധിക്കുകയും അവസരങ്ങൾ കൂടുതൽ അടുത്ത് ഗോത്ര ജനതയ്ക്ക് ലഭ്യമാവുകയും ചെയ്യും.