മെട്രോയ്ക്ക് അനുബന്ധമായി ജല മെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമായി കൊച്ചി. കേരള സർക്കാർ മുൻകൈയിൽ ₹ 1136.83 കോടി ചെലവിൽ കൊച്ചി നഗരത്തോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജല മെട്രോ പദ്ധതിയുടെ ആദ്യഘട്ടം യാഥാർഥ്യമായി. 8 ബോട്ടുകളും 5 ജെട്ടികളുമാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. 23 ബോട്ടുകളുടെ നിർമാണമാണ് കൊച്ചി കപ്പൽശാലയുടെ നേതൃത്വത്തിൽ നിർമിക്കുന്നത്.
ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽനിന്നുമാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.
പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ, 10 ദ്വീപുകളിലായി 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും. സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾക്ക് രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡ് കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.
വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫിൻലാൻഡിൽ നിർമിച്ച വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന കോൺക്രീറ്റ് പൊന്റൂണുകളിലാണ് ബോട്ടുകൾ അടുക്കുകയും പുറപ്പെടുകയും ചെയ്യുക. ഇന്ത്യയിൽ ആദ്യമായാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. പൂർണമായും എയർ കണ്ടിഷൻ ചെയ്ത ബോട്ടിൽ 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. മിനിമം ടിക്കറ്റ് നിരക്ക് ₹ 20 ആണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. കൊച്ചിയുടെ ഗതാഗതമേഖലക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പാകും വാട്ടർ മെട്രോ. യാത്രയ്ക്കിടെ കായൽക്കാഴ്ചകൾ കാണുന്നതിനു പിന്നിൽ പ്രത്യേക തട്ടും ഒരുക്കിയിട്ടുണ്ട്. വൈറ്റിലയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് ബോട്ടുകൾക്ക് പൊതുനിയന്ത്രണവും ഉണ്ടാകും.