KSRTC Driving School has so far earned a profit of more than Rs. 27 lakhs.

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം

ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് ഉൾപ്പെടെ വിതുര കെ. എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം പിന്നിടുമ്പോൾ 27,86,522 ലക്ഷം രൂപയുടെ ലാഭം നേടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ. ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് ഉൾപ്പെടെ വിതുര കെ. എസ്. ആർ. ടി. സിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ 661 പേർ ഡ്രൈവിംഗ് പഠനത്തിന് ചേർന്നു. കെ.എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്കൂളിൽ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി ബസുകളിലും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കും. യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ നടപടി എടുക്കും. സാധാരണക്കാർ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ എ. സിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രയലിന് നൽകുകയാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളിൽ ചെക്കപ്പുകൾ നടത്തും.കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുന്നു എന്നത് മികച്ച നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾക്ക് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂൾ, പൊൻമുടിയിലേക്കെ‌ത്തുന്ന വിനോദ സഞ്ചാരികൾക്ക് സുഖകരവും ആനന്ദകരവുമായ യാത്രപ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ “ടൂറിസം ഹബ്ബ്, സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഹ്രസ്വകാല ട്രാഫിക്ക് കോഴ്‌സ് ആയ ‘റോഡിലെ നല്ല പാഠങ്ങൾ’ തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കൂടാതെ വിതുര ഡിപ്പോയിൽ നിന്നുള്ള പുതിയ ഐസർ വിതുര- ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസും മന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു.