Industrial visit at KSRTC for Rs.500

കെ എസ് ആർ ടി സിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ എസ് ആർ ടി സി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കുൾപ്പെടെ ഈ സേവനം ലഭ്യമാക്കും.

112 കേന്ദ്രങ്ങളിൽ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെ എസ് ആർ ടി സിയിൽ തുടക്കമായി. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ സർവീസ്’ ക്ഷേത്രങ്ങൾ ക്രേന്ദ്രീകരിച്ചാണ് സർവീസുകൾ ആരംഭിക്കുക. ബുക്കിംഗിനനുസരിച്ച് കൂടുതൽ ബസുകൾ ക്രമീകരിക്കാനും കഴിയും. നിലവിൽ പമ്പയിൽ നന്നായി കെ എസ് ആർടി സി സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽആപ്പ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതിൽ ഡ്രൈംവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടും. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലുള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ലോകത്തിന്റെ എതു കോണിലുള്ളവർക്കും പ്രയോജനപ്പെടുത്താം. വിവിധ ലെവലുകൾ കഴിഞ്ഞ് പരീക്ഷ പാസാകുന്നവർക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന മറ്റൊരു മൊബൈൽ ആപ്പിക്കേഷനും ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. റോഡ് സേഫ്റ്റിയും കെ എസ് ആർ ടി സി റിസർവേഷനുമടക്കമുള്ള മുഴുവൻ സേവനങ്ങളും ഈ ആപ്പിൽ ലഭിക്കും. ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിലെ അപാകത പരിഹരിച്ചു കൊണ്ട് പലയിടങ്ങളിലും പരിപാലനച്ചുമതല ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. അങ്കമാലി, പന്തളം, കാലടി ഉൾപ്പെടെ പല പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കാൻ ഇതിലൂടെ കഴിഞ്ഞതായും മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.