കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 100 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് കൂടി ലഭ്യമാക്കിയിട്ടുണ്ട് . സര്‍ക്കാരില്‍ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നല്‍കുമ്പോള്‍ തിരിച്ചടക്കാനാകും. ചെലവുചുരുക്കലിലൂടെയും വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചും ബാക്കി തുക അടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നല്‍കി. KTDFC യുമായിട്ടുള്ള കടം തീർക്കുന്നതിലേക്കായി 625 കോടി രൂപയുടെ സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ പിന്തുണയോടെ ലഭിച്ചു. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരാനായിട്ടുണ്ടെന്നും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് ജീവനക്കാരുടെ കൂട്ടായസഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
2023 ഏപ്രിൽ വരെയുള്ള പിഎഫ് ക്ലോഷർ തുകയും 2023 മാർച്ച് മാസം വരെയുള്ള DCRG & CVP തുകയും (91.74 കോടി രൂപ) ഈ വർഷം പൂർണ്ണമായി നൽകിക്കഴിഞ്ഞു . പെന്‍ഷന്‍ നല്‍കുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 2024 സെപ്റ്റംബര്‍ വരെയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകും. ജീവനക്കാരുടെ ആനുകൂല്യ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ജനുവരിവരെയുള്ള കുടിശ്ശിക തീര്‍ക്കാന്‍ തുക അനുവദിച്ചു നല്‍കിയിച്ചുണ്ട്.
കെഎസ്ആര്‍ടിസിയിലെ അനാവശ്യ ചെലവുകള്‍ കുറക്കാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ തസ്തികയിലുള്ളവരെ മറ്റു ചുമതലകളില്‍ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍മന്ത്രാവലത്തില്‍റെ ടോള്‍ഫ്രീ നമ്പര്‍ 149 രണ്ടാഴ്ചക്കകം നിലവില്‍ വരും. 143 ബസുകള്‍ വാങ്ങുന്നതിന് നിലവില്‍ ഓഡര്‍ നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ കടമുറികളുടെ വായകയിനത്തില്‍ ഒരു കോടിയോളം രൂപയുടെ വര്‍ദ്ധന പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.