കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്ന വിഷയത്തിൽ കർഷകരെയും താമസക്കാരെയും സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാട്
പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, അടൂർ താലൂക്കുകളിൽ 40 വർഷത്തിലേറെയായി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കുന്നതിനായി ജലസേചന, റവന്യൂ, ഗതാഗതവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പത്തനാപുരം നിയോജകമണ്ഡലത്തിലെ പത്തനാപുരം, പിറവന്തൂർ, പുന്നല, വെട്ടിക്കവല പഞ്ചായത്തുകളിൽ പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് സർക്കാർ നിലപാട്. പട്ടയം നല്കുന്നതിനായി റവന്യൂവകുപ്പും, ജലസേചനവകുപ്പും സംയുക്തമായി ജോയിന്റ് വേരിഫിക്കേഷൻ നടത്തി ജനുവരി 15-നകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുവാൻ കൊല്ലം ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ് കുമാറിന്റെ ആവശ്യപ്രകാരം റവന്യൂവകുപ്പും, ജലസേചനവകുപ്പും സംയുക്തമായി റവന്യൂ മന്ത്രിയുടെ ചേംബറിൽ കൂടിയ യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി. എസ്. സുപാൽ എം. എൽ. ഏ, ജില്ലാ കളക്ടർ ദേവദാസ് ഐ.എ .എസ്, റവന്യൂ, ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.