എ.ഐ. ക്യാമറ: രണ്ടാം മാസവും റോഡ് അപകടങ്ങളിൽ വലിയ കുറവ്
പരാതി പരിഹാരത്തിന് മൊബൈൽ ആപ്പ് സെപ്റ്റംബർ ഒന്നു മുതൽ.
പിഴ ഈടാക്കൽ വേഗത്തിലാക്കാൻ ഇൻഷ്വറൻസ് കമ്പനികളുമായി യോഗം.
സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായി. 2022 ജൂലൈ മാസത്തിൽ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളിൽ 313 പേർ മരിക്കുകയും 3992 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. എന്നാൽ എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയിൽ സംസ്ഥാനത്ത് 1201 റോഡപകടങ്ങളിൽ 67 പേർ മരിക്കുകയും 1329 പേർക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡ് അപകടങ്ങളിൽ പരിക്കുപറ്റിയവർ ആശുപത്രികളിലുള്ളതിനാൽ മരണത്തിന്റെ എണ്ണത്തിൽ ഇനിയും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിച്ചു.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിൽ ആക്കിയതിനാലും കൂടുതൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മൾട്ടി ലോഗിൻ സൗകര്യം അനുവദിച്ചതിനാലും കഴിഞ്ഞ മാസത്തിലേക്കാൾ വളരെ കൂടുതൽ നിയമ ലംഘനങ്ങൾ പ്രോസസ്സ് ചെയ്യാൻ സാധിച്ചത്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 221251. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 150606. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-186673, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 170043, മൊബൈൽ ഫോൺ ഉപയോഗം 6118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 5886 തുടങ്ങിയവയാണ് ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങൾ. 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂ. പ്രതി വർഷം ഇൻഷുറൻസ് പുതുക്കുന്നതിനു മുൻപ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസൽ ആപ്ലിക്കേഷൻ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 1994 മുതൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും.