എടപ്പാള്‍ ഐ ഡി ടി ആറിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് അക്കാദമിയായി പ്രഖ്യാപിച്ചു
ഐ ഡി ടി ആറിലെ കമ്പ്യൂട്ടര്‍ ലാബിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു
കേരള മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ ഡ്രൈവര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബിന്റെയും എളുപ്പത്തില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ഐ.ഡി.ടി.ആറിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് അക്കാദമിയായി ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. മികച്ച ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. ഐ ഡി ടി ആറിന്റെ പ്രവര്‍ത്തനഫലമായി പുതിയ ഡ്രൈവിംഗ് സംസ്‌കാരം വരുംതലമുറയില്‍ ഉണ്ടായി വരണം. അപകടങ്ങള്‍ ഭൂരിഭാഗവും വരുത്തി വയ്ക്കുന്നതാണ്. അതിന് തടയിടാന്‍ ഇതിലൂടെ സാധിക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഐ ഡി ടി ആറിന്റെ സബ് സെന്ററുകള്‍ മറ്റു ജില്ലകളില്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. എടപ്പാള്‍ ഐ ഡി ടി ആറില്‍ ഉദ്ഘാടനം നിര്‍വഹിച്ച പുതിയ ലാബില്‍ കെ എസ് ആര്‍ ടി സിയുടെ മുഴുവന്‍ സോഫ്റ്റ്വെയറുകളും ഉപയോഗപ്പെടുത്താനുള്ള തീരുമാനവും എടുത്തതായി മന്ത്രി പറഞ്ഞു. കൂടാതെ പഠിതാക്കളുടെ മാനസികോല്ലാസത്തിനായി അത്യാധുനിക സൗകര്യത്തോടെയുള്ള തിയേറ്റര്‍ നിര്‍മ്മിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഐഡിടിആറിലെ ലാബും വാഹനങ്ങളുടെ എല്ലാ മെഷീനുകളുടെയും കട്ട് മോഡലുകളും വര്‍ക്കിംഗ് മോഡലുകളും മന്ത്രി സന്ദര്‍ശിച്ചു.