Bus ride from Wiep to the city; Draft notification published

വൈപ്പിനിൽനിന്നു കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രാ സൗകര്യത്തിനു സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്‌കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുതിയ സ്‌കീം പ്രകാരം പറവൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽനിന്ന് ചെറായി, ബോൾഗാട്ടി പാലസ് ജങ്ഷൻ, ഹൈക്കോർട്ട് ജങ്ഷൻ, ജെട്ടി ബസ് സ്റ്റാൻഡ്, കടവന്ത്ര വഴി വൈറ്റില ഹബ്ബിലേക്കും കൂനമ്മാവ്, ചേരാനെല്ലൂർ ജങ്ഷൻ, കണ്ടെയ്നർ റോഡ്, ഹൈക്കോർട്ട് ജങഷൻ, കലൂർ, പാലാരിവട്ടം വഴി കാക്കനാടേക്കും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും.

പറവൂർ – വൈറ്റില ഹബ് 36 കിലോമീറ്ററും പറവൂർ – കാക്കനാട് റൂട്ട് 34 കിലോമീറ്ററുമാണുള്ളത്. ചേരാനെല്ലൂർ സിഗ്‌നൽ ജങ്ഷൻ മുതൽ കണ്ടെയ്നർ റോഡ് വഴി ബോൾഗാട്ടി പാലസ് ജങ്ഷൻ വരെയുള്ള 11 കിലോമീറ്ററോ അതിന്റെ ഏതെങ്കിലും ഭാഗത്തോ നിലവിൽ സ്വകാര്യ ബസുകൾക്കു നൽകിയിരിക്കുന്ന പെർമിറ്റ് അതിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ തുടരാൻ അനുവദിക്കും. അതിനു ശേഷം ഈ റൂട്ടിൽ സ്ഥിരമോ താത്കാലികമോ ആയ പെർമിറ്റ് നൽകില്ല. പുതിയ സ്‌കീം പ്രകാരം കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന റൂട്ടിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകൾ സർവീസ് നടത്തും. ആവശ്യം മുൻനിർത്തിയുള്ള ട്രിപ്പുകളുമുണ്ടാകും. സർവീസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ടിക്കറ്റ് ചാർജ് അടക്കമുള്ള മറ്റു കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള നിരക്ക് സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

വിശദമായ വിജ്ഞാപനം സർക്കാർ ഗസറ്റിൽ മേയ് 19നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. (നോട്ടിഫിക്കേഷൻ നം. B1/134/2022/Trans, തീയതി 17 മേയ് 2023). കരട് വിജ്ഞാപത്തിലെ സ്‌കീമുമായി ബന്ധപ്പെട്ട പരാതികൾ സെക്രട്ടറി ടു ഗവൺമെന്റ്, ഗതാഗത വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 30 ദിവസത്തിനകം നൽകണം.