The unscientific nature of road construction will be resolved soon

റോഡ് നിർമാണത്തിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കും

‘അപകടം നടന്ന പനിയം പാടത്തെ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നും അത് ഉടൻ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ലോറി മറിഞ്ഞ് കുട്ടികൾ മരണപ്പെട്ട പനിയംമ്പാടത്തെ അപകട സ്ഥലവും റോഡിലെ പ്രശ്നങ്ങളും നേരിട്ടെത്തി മനസിലാക്കി.

റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമാണ്. ഒരുവശത്ത് കൂടുതൽ വീതിയും മറുവശത്ത് കുറഞ്ഞ വീതിയും ആണുള്ളത്. ഇത് പരിഹരിക്കാൻ റോഡിൻറെ നടുവിലെ മാർക്ക് രണ്ട് മീറ്റർ മാറ്റിവരയ്ക്കും. ഇവിടെ അടിയന്തിരമായി ഡിവൈഡർ സ്ഥാപിക്കും. അപകടത്തിന് കാരണമാകുന്ന വലതുഭാഗത്തുള്ള ഓട്ടോസ്റ്റാൻഡ് ഇടതു ഭാഗത്തേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നാഷണൽ ഹൈവേ അതോറിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരുടെ യോഗം ചൊവ്വാഴ്ച വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിറ്റിയുടെ കൺസ്ട്രക്ഷൻ അപാകതയാണ് റോഡിനുള്ളത്. അത് പരിഹരിക്കാനാണ് ചർച്ച. ഇതിലേക്കുള്ള പണം നാഷണൽ ഹൈവേ അതോറിറ്റിയാണ് അനുവദിക്കേണ്ടത്. അവർ വിസമ്മതിക്കുകയാണെങ്കിൽ സർക്കാർ ൻ്റെ റോഡ് സേഫ്റ്റി അതോറിറ്റി വഴി തുക അനുവദിക്കും. മുണ്ടൂരിലെ ദേശീയപാതയിലും നാട്ടുകാർ ഇത്തരം ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അത് കെഎസ് ടി പി റോഡാണ്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തും. അവിടെ വേണ്ടത് റൗണ്ടാണോ ഫ്ലക്ചർ ലൈറ്റാണോ തുടങ്ങിയ കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ ഉദ്യോഗസ്ഥ പരിശോധനയിലൂടെ തീരുമാനിക്കും. റോഡ് ക്രോസിംഗുകൾക്ക് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു എന്നത് കാണാതിരുന്നുകൂടാ എന്നും മന്ത്രി പറഞ്ഞു.

തുടർന്ന് മന്ത്രി സ്ഥലത്തെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ കേട്ടു. തുടർന്ന് വാഹനാപകടം നടന്ന സ്ഥലത്തെ വീട്ടുകാരുടെ അഭിപ്രായങ്ങളും കേട്ടാണ് മടങ്ങിയത്. റോഡപകടം നടന്ന പ്രദേശത്തെ റോഡിലൂടെ സ്വന്തം കാർ സ്വയം ഡ്രൈവ് ചെയ്താണ് മന്ത്രി റോഡിലെ നിർമ്മാണ പ്രശ്നങ്ങൾ വിലയിരുത്തിയത്.ആർടിഒ , പോലീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.