New impetus for the public transport sector

പൊതുഗതാഗത മേഖലയ്ക്ക് പുത്തന്‍ ഉണർവ്

പൊതുഗതാഗത മേഖലയ്ക്ക് ഉണർവേകിയ കാലയളവാണ് കഴിഞ്ഞ ഒരു വർഷം. സംസ്ഥാനത്തെ പൊതു ഗതാഗത മേഖലയുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ക്രിയാത്മകമായ നിരവധി പദ്ധതികളാണ് ഗതാഗതവകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കി.. വിനോദസഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഉൾനാടൻ ജല ഗതാഗതത്തെ നവീകരിച്ചു. കരഗതാഗതത്തിലും ജലഗതാഗത്തിലും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുസരണമായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കിയ വർഷം കൂടിയായിരുന്നു കടന്നുപോയത്.

മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് പദ്ധതി നടപ്പിലാക്കി. 34 ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ, 34 വെഹിക്കിൾ മൗണ്ടുകൾ, 12 ബേസ് സ്റ്റേഷനുകൾ, 4 റിപ്പീറ്ററുകൾ എന്നിവ ഉപയോഗിച്ച് എറണാകുളം ജില്ലയിൽ പൈലറ്റ് പദ്ധതി വിജയകരമായി നടപ്പാക്കി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് ശക്തമാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ആംബുലന്‍സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ എത്തിക്കുന്നതിനും ഏകോപനത്തിനും ഇത് സഹായകരമാണ്. COVID-19 സാഹചര്യത്തിൽ ഓക്‌സിജൻ വിതരണത്തിൽ ഇത് വളരെയേറെ പ്രയോജനപ്പെട്ടു. പൊതുവാഹനങ്ങളിൽ ജി.പി.എസ് ഡിവൈസ് ഘടിപ്പിച്ച് കേന്ദ്രീകൃത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന ‘സുരക്ഷ’ പദ്ധതി നടപ്പാക്കി. ശബരിമല സീസണിലും കോവിഡ് വേളകളിലും വാഹന നിരീക്ഷണത്തിനും ഏകോപനത്തിനും ഇത് വളരെയധികം സഹായകരമായി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിക് ബട്ടണ്‍ ഉള്‍പ്പെടെയുള്ള വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി.

ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോം സജ്ജമാക്കി.  ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വിലാസം മാറ്റം, ലൈസൻസ് എക്സ്ട്രാക്ട് മുതലായവ ഓൺലൈനിൽ അപേക്ഷിക്കുവാനുള്ള സൗകര്യമൊരുക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസന്‍സ് സംബന്ധമായ 60-ഓളം സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കി. ഇതില്‍ 38 എണ്ണം പൂര്‍ണ്ണമായും ഓണ്‍ലൈനായും 6 എണ്ണം ആധാര്‍ ഓതന്റിക്കേഷന്‍ വഴിയും ലഭ്യമാകുന്നതാണ്.   വാഹന പരിശോധന, പേഴ്സണല്‍ ഹിയറിംഗ്, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് മാത്രമേ നേരിട്ട് ഹാജരാകേണ്ടതുള്ളു. വാഹനങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റുകൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ലേണേഴ്സ് ലൈസൻസ് മുതലായവയ്ക്ക്  ഓൺലൈൻ സേവനം ഉറപ്പുവരുത്തി. വാഹന ഉടമസ്ഥാവകാശം മാറുക, മേല്‍‌വിലാസം മാറുക, ഹൈപ്പോത്തിക്കേഷന്‍ വിവരങ്ങള്‍ ആര്‍.സി.-യില്‍ നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആറോളം സേവനങ്ങള്‍ക്കായി ആധാർ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ സംവിധാനം തയ്യാറാക്കി. ഇന്ത്യയിൽ ആദ്യമായി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായി സമര്‍പ്പിക്കേണ്ട മെഡിക്കല്‍ ഫിറ്റ്നസ്, നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അംഗീകൃത ഡോക്ടര്‍മാര്‍ക്ക് പരിവാഹന സൈറ്റില്‍ ഓണ്‍‌ലൈനായി സമര്‍പ്പിക്കാവുന്ന സാങ്കേതിക വിദ്യ നടപ്പിലാക്കി. പ്രവാസി മലയാളികള്‍ക്ക്  അതാത് രാജ്യത്ത് നിന്നു തന്നെ അംഗീകൃത ഡോക്ടര്‍മാര്‍ നല്കു്ന്ന നേത്രപരിശോധന, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി. വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് ഫയലിംഗ് സംവിധാനം നടപ്പിലാക്കി.

ടൂറിസം ഡിപ്പാർട്ട്മെന്റും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഇന്ത്യയില്‍ ആദ്യമായി കേരളത്തിൽ തുടക്കം കുറിച്ച കാരവന്‍ ടൂറിസം പദ്ധതിയിൽ കാരവനുകളുടെ നികുതിയില്‍ 50% ഇളവു നൽകി. വിദ്യാഭ്യാസ സ്ഥാപന ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് “വിദ്യാ വാഹൻ” എന്ന പേരിൽ പ്രത്യേക ചെക്കിംഗ് ഡ്രൈവ് നടത്തി. ഡ്രൈവർമാർക്കായി പ്രത്യേക റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടികൾ നടത്തി. സ്‌കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ സുതാര്യമായി അതിവേഗം തീര്‍പ്പാക്കുന്നതിനായി ‘വാഹനീയം’ എന്ന പേരില്‍ വിവിധ ജില്ലകളിൽ അദാലത്ത് സംഘടിപ്പിച്ചു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും നിരവധി പദ്ധതികളാണ് തയ്യാറാക്കിയത്. അമിതവേഗത നിയന്ത്രിക്കുവാനായി ഓപ്പറേഷൻ റാഷ്, റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിന് ഓപ്പറേഷൻ ക്ലിയർ പാത്ത്, ആംബുലൻസുകളുടെ ദുരുപയോഗം തടയുന്നതിന് ഓപ്പറേഷൻ റെസ്ക്യൂ, വാഹനങ്ങളുടെ അമിത ശബ്ദമലിനീകരണത്തിന് എതിരെ ഓപ്പറേഷൻ ഡെസിബെൽ തുടങ്ങിയവ സംഘടിപ്പിച്ചു. റോഡപകട മേഖലകളെക്കുറിച്ച് എന്‍‌ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ.മാരുടെ മേല്‍ നോട്ടത്തില്‍ വിശദമായ പഠനം നടത്തി, അപകടമേഖലകള്‍ ഗൂഗിള്‍ മാപ്പില്‍ ബ്ലാക്ക് സ്പോട്ട് രേഖ‌പ്പെടുത്തി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയില്‍ ആദ്യ 5 വര്‍ഷത്തെ നികുതിയ്ക്ക് 50% ഇളവ് നല്കി. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ 5 വര്‍ഷത്തെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. ഇലക്ട്രിക് ഓട്ടോറിക്ഷ രജിസ്റ്റര്‍ ചെയ്യുന്ന വാഹന ഉടമകളുടെ വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 30,000/- രൂപ വരെ സബ്സിഡി അനുവദിച്ചു. റോഡപകടങ്ങളും അതുവഴിയുള്ള ജീവഹാനിയും പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ എന്നീ അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയ ക്യാമറകള്‍, സ്പീഡ് റഡാറുകള്‍, വെഹിക്കിള്‍ മൗണ്ടഡ് സ്പീഡ് റഡാറുകള്‍ എന്നിവ സ്ഥാപിച്ച് 14 ജില്ലകളിലും കണ്‍‌ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. ഇത്തരം നൂതനമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ പൊതു ഗതാഗത രംഗത്തെ അനുചിതമായ പ്രവണതകൾ ഒഴിവാക്കുവാനും പൊതുഗതാഗത രംഗത്ത് അപകടങ്ങൾ ഒഴിവാക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 കെഎസ്ആർടിസി 
 
 കേരളത്തിലെ പൊതുഗതാഗത മേഖലയുടെ ജീവനാഡിയായ കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിനും പുരോഗതിയിലേക്ക് നയിക്കുന്നതിനും നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുടെ അനുബന്ധ സ്ഥാപനമായ ‘കെ.എസ്.ആര്‍.ടി.സി.-സ്വിഫ്റ്റ്‌’-ന്റെ പ്രവര്‍ത്തനം ആരംഭിച്ചു.  സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ 8 പ്രീമിയം മള്‍ട്ടി ആക്‌സില്‍ എ.സി. സ്ലീപ്പര്‍, 20 സെമി പ്രീമിയം എ.സി.സീറ്റര്‍, 72 നോണ്‍ എ.സി. എയര്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ 100 ബസ്സുകള്‍ ഉപയോഗിച്ച് കെ-സ്വിഫ്റ്റ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെയുളള നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നു. ഇതിനകം തന്നെ കെഎസ്ആർടിസി സിഫ്റ്റ് പൊതുജനങ്ങൾ പ്രത്യേകിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ സർവാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് കൂടി കെ.എസ്.ആര്‍.ടി.സി. പമ്പുകളില്‍ നിന്നും ഇന്ധനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ‘യാത്രാ ഫ്യുവല്‍സ്‌ ’ പദ്ധതി, കിളിമാനൂര്‍, ചടയമംഗലം, തിരുവനന്തപുരം സിറ്റി, മൂന്നാര്‍, ചേര്‍ത്തല, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തൃശ്ശൂര്‍, ഗുരുവായൂര്‍, നോര്‍ത്ത് പറവൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ കൂടി പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. വിവിധ തരം ലൂബ്രിക്കേറ്റിംഗ് ഓയിലുകള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി.യും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന ‘കെ.എസ്.ആര്‍.ടി.സി. ല്യൂബ് ഷോപ്പ് ’ പദ്ധതി എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം ‘ജി-സ്പാര്‍ക്ക് ’ മുഖാന്തിരം 2021 ജൂണ്‍ മാസം മുതല്‍ നല്‍കി വരുന്നു.  ജീവനക്കാരുടെ പൂര്‍ണ്ണമായ വ്യക്തിഗത, സര്‍വ്വീസ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഇ-സര്‍വ്വീസ്’ പദ്ധതി പൂര്‍ത്തീയായി വരുന്നു. പൊതുജനങ്ങള്‍ക്ക് തിരുവനന്തപുരം നഗരത്തിലെ സുപ്രധാന ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് അനായാസം എത്തിച്ചേരുന്നതിനായി ‘സിറ്റി സര്‍ക്കുലര്‍’ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.  തിരുവനന്തപുരത്തിനും, കോഴിക്കോടിനും ഇടയിലുളള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ദേശീയ പാതയിലേയും, എം.സി. റോഡിലേയും സമാന്തര ബൈപ്പാസുകള്‍ വഴി യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്ന ‘ബൈപ്പാസ് റൈഡര്‍’ സര്‍വ്വീസുകളും ആരംഭിച്ചിട്ടുണ്ട്.

ശുചിത്വവും, അന്താരാഷ്ട്ര നിലവാരവുമുളള ബസ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ, പാല, പത്തനംതിട്ട എന്നീ ഡിപ്പോകളില്‍ പുതിയ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. . മത്സ്യവിപണന രംഗത്തുളള സ്ത്രീകള്‍ക്ക് ആയാസ രഹിതമായി മത്സ്യം മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനുവേണ്ടി കെ.എസ്.ആര്‍.ടി.സി.യും, ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന്  കെ.എസ്.ആര്‍.ടി.സി. ‘സമുദ്ര’ സര്‍വ്വീസ് ആരംഭിച്ചു.  

ഇന്ധനക്ഷമത പുരോഗതി കൈവരിച്ചതിന് 2020-21 കാലയളവിൽ പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ‘സാക്ഷം’ ദേശീയ പുരസ്‌ക്കാരത്തില്‍ ദേശീയ തലത്തില്‍  രണ്ടാം സ്ഥാനം കെ.എസ്.ആര്‍.ടി.സി. കരസ്ഥമാക്കി.

 ജലഗതാഗത വകുപ്പ്

കേരളത്തിലെ ഉൾനാടൻ ജല ഗതാഗത മേഖലയിലെ സമഗ്രവികസനത്തിന് നിരവധി പദ്ധതികളാണ് കഴിഞ്ഞ ഒരു വർഷക്കാലത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. ഉള്‍നാടന്‍ ജലഗതാഗത മേഖലയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി ചെലവ് കുറഞ്ഞതും, സുരക്ഷിതവും, ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാമാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി 100, 75 പാസഞ്ചർ കപ്പാസിറ്റിയുള്ള കാറ്റമറൈൻ ബോട്ടുകള്‍. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നീറ്റിലിറക്കി. ഈ ജലയാനത്തിന് 10 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കുവാനാകും. ശബ്ദരഹിതവും, 100% യാത്രക്കാർക്കും ലൈഫ്ജാക്കറ്റുകളും, സുരക്ഷാഉപകരണങ്ങളും സജ്ജീകരിച്ചിട്ടുളള ഈ ബോട്ട് സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നു.  ജലഗതാഗത വകുപ്പിന്റെ എറണാകുളം ആലപ്പുഴ മേഖലകളിലെ ഉൾനാടൻ ജലഗതാഗതത്തിന് ഇത് ഉപകരിക്കുന്നു.  ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ, എറണാകുളം മേഖലയിലെ ഡോക്ക് യാര്‍ഡില്‍ ഉളള സ്ലിപ് വേകളില്‍ വേലിയേറ്റ സമയങ്ങളില്‍ അടിഞ്ഞുകൂടുന്ന ചെളി മാറ്റി ബോട്ടുകള്‍ സുഗമമായി കരയ്ക്ക് കയറ്റുന്നതിന് മിനി ഡ്രഡ്ജര്‍ സംവിധാനം ഏർപ്പെടുത്തി. വകുപ്പിന്റെ പയ്യന്നൂര്‍ മേഖലയിലെ അയിറ്റിയില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് മുഖാന്തിരം പുതിയ സ്ലിപ് വേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു, 

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ടായ ‘ആദിത്യ” വിജയകരമായ 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ 75 പാസഞ്ചര്‍ കപ്പാസിറ്റിയുളള 4 സോളാര്‍ ഇലക്ട്രിക് ബോട്ട്, 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള ഒരു സോളാര്‍ ഇലക്ട്രിക് ക്രൂയിസ് ബോട്ട് എന്നിവയുടെ നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. ഇത് കൂടാതെ 30 പാസഞ്ചര്‍ കപ്പാസിറ്റിയുളള 4 സോളാര്‍ ഇലക്ട്രിക് ബോട്ടുകള്‍ വാങ്ങുവാന്‍ ഉളള ഭരണാനുമതി നൽകി. ഇത്തരം ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ  ദൈനംദിന ഡീസല്‍ ചെലവ് മൂലം ഉണ്ടാകുന്ന അധിക ചെലവ് കുറയ്ക്കാനും, അന്തരീക്ഷ മലിനീകരണം വളരെ കുറയ്ക്കുവാനും സാധിക്കും.

ഈ സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ അനുമതി നൽകിയ 4 വാട്ടര്‍ ടാക്സികളില്‍, ആദ്യ 2 വാട്ടര്‍ ടാക്സികള്‍ ജലഗതാഗത വകുപ്പ് ആലപ്പുഴയിലും, കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവിലും സർവീസ് ആരംഭിച്ചു.

മണിക്കൂറില്‍ 30 Km വേഗത കൈവരിക്കാവുന്ന ഡീസല്‍ ഔട്ട്ബോര്‍ഡ് എന്‍ജിന്‍ സ്ഥാപിച്ചിട്ടുളതിനാല്‍ പൊതുജനങ്ങള്‍ക്ക് റോഡ് മാര്‍ഗ്ഗം എന്ന പോലെ തന്നെ ജലത്തിലൂടെയും വളരെ പെട്ടെന്ന് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് എത്തിച്ചേരുവാന്‍ വാട്ടര്‍ ടാക്സി സേവനം വഴിയൊരുക്കും.  വാട്ടർ ടാക്സി ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണ്.

യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേ പോലെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ രൂപ കല്‍പന ചെയ്തിട്ടുള്ള “സീ അഷ്ടമുടി” ബോട്ടിന്റെ നി൪മ്മാണം പൂര്‍ത്തീകരിച്ചു.  120 പാസഞ്ച൪ കപ്പാസിറ്റിയുള്ള പാസഞ്ച൪ കം ടൂറിസം ബോട്ടാണ് വേഗ-2. 12 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ഈ ബോട്ടില്‍ 40 എ സി സീറ്റുകളും 80 നോണ്‍ എ സി സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ–മുഹമ്മ-കുമരകം റൂട്ടില്‍ യാത്രക്കാരെ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് സർവീസ് നടത്തിവരുന്നു.