KSSRTC provided an opportunity to watch the Nehru Trophy boat race

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്സ്.ആര്‍.ടി.സി

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. ഓളപ്പരപ്പിലെ ഒളിംമ്പിക്സ് ആയ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ 1500(റോസ് കോര്‍ണര്‍),500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെ.എസ്സ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍ നെഹ്രുട്രോഫി വളളം കളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിക്കും. 100,200,500,700,1500, 2500, 3000 രൂപ വരെയുളള എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.2022 ല്‍ 1,75,100/- രൂപയുടെ ടിക്കറ്റുകളും,2023 ല്‍ 2,99,500 /-രൂപയുടെ ടിക്കറ്റുകളും KSRTC ബഡ്ജറ്റ് ടൂറിസം സെല്‍ മുഖേന വില്‍ക്കുവാന്‍ കഴിഞ്ഞു.10 ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പനയാണ് 2024 ല്‍ ലക്ഷ്യമിടുന്നത്. ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളും, കൂടാതെ തിരുവനന്തപുരം, കൊല്ലം,കോട്ടയം, പത്തനം തിട്ട എന്നീ ജില്ലാ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ടിക്കറ്റ് വില്‍പന നടത്തുന്നത്.

9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ക്യൂ.ആര്‍ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ആഗസ്റ്റ്10 – ന് ആലപ്പുഴ KSRTC ഡിപ്പോയിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്നതാണ്.