Misuse of National Permit for Contract Carriage Buses will be strictly prevented Special drive in September and October

കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും

 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ്

കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കർശനമായി തടയാൻ ഉന്നതതലയോഗം തീരുമാനിച്ചു.

വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു.

വിജ്ഞാപനത്തിന്റെ പേരിൽ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആർ.ടി.സി ബസുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു നടത്തുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ല. നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർടിഒമാരുടെയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാരുടെയും നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ യോഗം തീരുമാനിച്ചു.