Anywhere in Kerala within 16 hours; KSRTC with Courier Service

കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസുമായി കെ.എസ്.ആർ.ടി.സി.. ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും.

ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 15-ാം തീയതി മുതലാണ് സർവീസ് പ്രവർത്തനമാരംഭിക്കുക. തുടക്കത്തിൽ 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്. നഗരങ്ങളിലും ദേശീയ പാതയ്ക്ക് സമീപത്തും പ്രവർത്തിക്കുന്ന ഡിപ്പോകളിലെ കൊറിയർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിലെ കൊറിയർ സെന്ററുകൾ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

കൊറിയർ അയക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് സെന്ററിൽ എത്തിക്കണം. അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ മെസേജായി ലഭിക്കും. കൊറിയർ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആൾ നേരിട്ട് വരണം. സാധുതയുള്ള ഐ.ഡി. കാർഡ് വെരിഫൈ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയർ സേവനങ്ങളെക്കാൾ നിരക്ക് കുറവിലാണ് കെ.എസ്.ആർ.ടി.സി. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക.