കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച – നാലമ്പല ദർശന ബസ് സർവ്വീസിന്റെ സംസ്ഥാന തല ഫ്ലാഗ് ഓഫ് നടന്നു. ജനങ്ങളുടെ കൂട്ടായ സഹകരണം സ്വാഗതം ചെയ്തുകൊണ്ട് കെ.എസ്.ആർ. ടി.സിയെ ലാഭത്തിലാക്കാൻ ആരംഭിച്ച പലവിധ പദ്ധതികളില്‍ ഒന്നാണ് നാലമ്പല ദർശന ബസ് സർവ്വീസ്.
സംസ്ഥാന തലത്തിൽ നാലമ്പല ദർശനത്തിന് വേണ്ടി 12 ബസുകളാണ് സർവ്വീസ് നടത്തുന്നത്. ആദ്യ ദിനങ്ങളിലെ ബുക്കിംഗ് പൂർത്തിയായി.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന യാത്ര നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ( BTC ) നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ചാണ് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള പതിവ് സ്‌പെഷ്യല്‍ സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നടത്തും. ഇതിന് വേണ്ടി കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലമ്പല ദര്‍ശനത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഗൈഡ് ബുക്കും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പുറത്തിറക്കി.
കെ.എസ്.ആർ. ടി.സി സ്റ്റേഷനുകളെ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.