സ്കൂളുകളിലെ ഐ.റ്റി. അധിഷ്ഠിത പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ അനുവദിച്ചു
നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ ഐ.റ്റി. അധിഷ്ഠിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചു. കോട്ടൺഹിൽ ഗവ. എൽ പി സ്കൂളിൽ ലാംഗ്വേജ് ലാബ് സ്ഥാപിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. കൊച്ചുകുട്ടികളുടെ ഭാഷാ പഠനത്തിന് സഹായകരമായ രീതിയിൽ ലിസണിങ്, സ്പീക്കിംഗ്, റീഡിങ്, റൈറ്റിംഗ് തുടങ്ങിയ ഭാഷാ നൈപുണ്യം ആർജിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ ലാംഗ്വേജ് ലാബിൽ സ്ഥാപിക്കും. ലാപ്ടോപ്പ്, ഹെഡ്സെറ്റ്, ഇന്ററാക്ടീവ് സ്ക്രീൻ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭാഷാലാബ് സ്ഥാപിക്കുന്നത്. ഇതിനു പുറമേ വിവിധ സ്കൂളുകളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. കോട്ടൺഹിൽ ജി.എച്ച്.എസ്.എസ്, ഗവ. യു.പി.എസ്. തമ്പാനൂർ, ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, സെന്റ് ആൻസ് എൽ.പി.എസ്, പേട്ട എന്നിവിടങ്ങളിൽ കമ്പ്യൂട്ടറുകൾ വാങ്ങുവാനും, ബീമാപള്ളി ഗവ. യു.പി.എസിൽ ലാപ് ടോപ്പുകൾ വാങ്ങുന്നതിനുമാണ് തുക അനുവദിച്ചത്. ഇവയ്ക്കെല്ലാം ഭരണാനുമതി ലഭിച്ചതായും കെൽട്രോൺ മുഖാന്തരമാണ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.