Until May 19, there will be no fines for violations detected by AI cameras

*ആർ. സി ബുക്കും സ്മാർട്ട് കാർഡാകും

മേയ് 19 വരെ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കില്ല. ഈ കാലയളവ് ബോധവത്ക്കരണ മുന്നറിയിപ്പ് മാസമായി ആചരിക്കും. ഈ സമയം നിയമം ലംഘിക്കുന്നവരുടെ മൊബൈലിൽ ഇതേക്കുറിച്ച് സന്ദേശമെത്തും. നിയമലംഘനത്തിന്റെ പിഴ എത്രയാണെന്ന അറിയിപ്പുമുണ്ടാവും. ഇപ്പോൾ എ. ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മറ്റൊരിടത്തേക്ക് ആവശ്യമെങ്കിൽ വേഗത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയും.

ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ സ്മാർട്ട് ആകുന്നതുപോലെ ആർ സി ബുക്കുകളും സ്മാർട്ട് കാർഡുകളാക്കും. മേയ് മുതൽ ഇത് നടപ്പാകും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡുകൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ നിലവിൽ നിശ്ചയിച്ചിട്ടുള്ള വേഗത ഉയർത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇപ്പോൾ കൈവശമുള്ള ലൈസൻസുകൾ സ്മാർട്ട് കാർഡുകളാക്കി മാറ്റാം. ഇതിനായി ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കുന്നവർ 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. അതിനു ശേഷം ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതിനുള്ള 1200 രൂപയും പോസ്റ്റൽ ചാർജും അടയ്ക്കേണ്ടി വരും.

ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്ര ചെയ്യരുതെന്നത് കേന്ദ്ര നിയമമാണ്. ഇതിൽ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനത്തിനില്ല. അമിത വേഗത കണ്ടെത്താനുള്ള നാലു മൊബൈൽ യൂണിറ്റുകളും നിരത്തിലെത്തിയിട്ടുണ്ട്. കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന പിഴ തുകയേക്കാൾ കുറവാണ് സംസ്ഥാനം ഈടാക്കുന്നത്.

കേരളത്തിൽ 2007 ൽ 40 ലക്ഷം വാഹനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 1.67 കോടി വാഹനങ്ങളുണ്ട്. ഒരു വർഷം ശരാശരി 40,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നു. ഇതിൽ 4000 മരണം സംഭവിക്കുന്നുണ്ട്. 58 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. 25 ശതമാനം കാൽനടയാത്രക്കാരാണ്. ഹെൽമെറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തതിനാലാണ് മരണത്തിൽ പകുതിയും സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.