ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ച് പ്രത്യേകമായി നടത്താനും അല്ലാത്തപക്ഷം, ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അടുത്തേയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തി അവ പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.
മറ്റു പൊതു അപേക്ഷകര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് നടക്കുന്ന ഇടങ്ങളില്‍ എത്തിച്ചേരാനും അഡാപ്റ്റഡ് വാഹനങ്ങളുമായി ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനുമുള്ള പ്രയാസമാണ് തീരുമാനത്തിനു പിന്നിൽ.
ഭിന്നശേഷിക്കാർക്ക് സൗകര്യപ്പെട്ട ഒരു സ്ഥലത്ത് വച്ച് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കും. അങ്ങനെ ഭിന്നശേഷിക്കാര്‍ക്ക് ഒന്നിച്ച് ഒരിടത്ത് എത്തിച്ചേരാന്‍ അസൗകര്യമുണ്ടെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കും. ഇത്തരം അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ മാസത്തിലൊരിക്കല്‍ ഇവര്‍ക്കായി പ്രത്യേക ടെസ്റ്റുകള്‍ സംഘടിപ്പിക്കും.