Pozhiyoor Anchuthengu KSRTC bus service to start on March 18: Transport Minister Antony Raju

പൊഴിയൂര്‍ അഞ്ചുതെങ്ങ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മാര്‍ച്ച് 18ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തീരദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന പൊഴിയൂര്‍ അഞ്ചുതെങ്ങ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മാര്‍ച്ച് 18ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ തീര മേഖലയിലെ തെക്കേ അറ്റത്തെ പൊഴിയൂര്‍ മുതല്‍ ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അഞ്ചുതെങ്ങ് വരെയുള്ള യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇപ്പോള്‍ സഫലമാവുന്നത്.

പൊഴിയൂരില്‍ നിന്ന് ഉച്ചക്കട, പൂവാര്‍, പുതിയതുറ, പുല്ലുവിള, മുക്കോല, വിഴിഞ്ഞം, കോവളം, പാച്ചല്ലൂര്‍, തിരുവല്ലം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി, പുതുകുറിച്ചി, തുമ്പ, സെന്റ് ആന്‍ഡ്രൂസ്, കഠിനംകുളം, പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി വഴി അഞ്ചുതെങ്ങ് വരെയാണ് പുതിയ ബസ് റൂട്ട്. പൊഴിയൂരില്‍ നിന്നും അഞ്ചുതെങ്ങില്‍ നിന്നും രാവിലെ 7 മണി മുതല്‍ ഒന്നരമണിക്കൂര്‍ ഇടവിട്ട് ഇരു ദിശകളിലേക്കും ബസ് സര്‍വീസ് നടത്തും. പൊഴിയൂരില്‍ നിന്ന് അഞ്ചു തെങ്ങിലേക്ക് നിരവധി ബസ്സുകള്‍ കയറിയിറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു തീരദേശ നിവാസികള്‍. പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതോടെ അതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.