Driving license is now smart with advanced security systems

സംസ്ഥാനത്ത് ഇനി ലഭിക്കുക ഏഴ് സുരക്ഷാ മാനദണ്ഡങ്ങളുള്ള സ്മാ‍ർട്ട് ഡ്രൈവിങ് ലൈസൻസ് കാർഡ്. സൂക്ഷിക്കാൻ എളുപ്പമുള്ള പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളിൽ സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളുണ്ട്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്‌സ് (MoRTH) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.

പുതിയ ലൈസൻസ് അപേക്ഷകരെ കൂടാതെ വിലാസം മാറ്റുന്നതിനും മറ്റും അപേക്ഷിക്കുന്നവർക്കും ഇനി പിവിസി പെറ്റ് ജി കാർഡ് ആണ് ലഭിക്കുക. മറ്റ് മാറ്റങ്ങൾ ഇല്ലാതെ നിലവിലെ ലൈസൻസ് കാർഡ് രൂപത്തിലാക്കണമെങ്കിൽ സാരഥി സോഫ്റ്റ്‌വെയറിലെ റിപ്ലെയ്‌സ്‌മെന്റ് ഓഫ് ഡിഎൽ സർവ്വീസ് ഉപയോഗിച്ച് ലൈസൻസ് കാർഡ് രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. ലൈസൻസ് പ്രിന്റിങ് ഇനിമുതൽ സെൻട്രലൈസ്ഡ് ആകും. എറണാകുളത്താണ് ലൈസൻസ് പിവിസി പെറ്റ് ജി കാർഡ് രൂപത്തിലാക്കുന്നത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ പ്രധാന ഓഫീസിൽ നിന്നും അപേക്ഷകന്റെ ലൈസൻസ് നേരിട്ട് പോസ്റ്റൽ വഴി അയക്കും. വിലാസത്തിൽ അപേക്ഷകൻ കൈപറ്റിയില്ലെങ്കിൽ തിരിച്ച് തിരുവനന്തപുരത്തെ ഓഫീസിലായിരിക്കും ലൈസൻസ് എത്തുക. വൈകാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറും.