KSRTC - Swift Service: A New Age for Public Transport

കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ്:പൊതു ഗതാഗതത്തിന് പുതുയുഗം

പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ നടപ്പിലാക്കുന്ന കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നിലവിൽ വന്നു. തിരുവനന്തപുരം – ബാഗ്ലൂർ, എറണാകുളം – ബാഗ്ലൂർ, കോഴിക്കോട്- ബാഗ്ലൂർ, പത്തനംതിട്ട- ബാഗ്ലൂർ, തിരുവനന്തപുരം- കോഴിക്കോട്- കണ്ണൂർ- മാനന്തവാടി എന്നിവിടങ്ങളിലേയ്ക്കെല്ലാം സ്വിഫ്റ്റ് സർവീസ് ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ്  വഴിയും  ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ലഭ്യമാണ്.

കെ.എസ്‌.ആർ.ടി.സി യുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച കമ്പനിയാണ് കെഎസ്ആർടിസി – സ്വിഫ്റ്റ്. യാത്രികർക്ക്‌ മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിന് വേണ്ടി  ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട്‌ കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്. പ്രത്യേകം പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവ്വീസുകൾ നിയന്ത്രിക്കുന്നത്. ലഗ്ഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. ഓൺലൈൻ റിസർവ്വേഷൻ സേവനം എല്ലാ സമയവും ഉറപ്പാക്കുന്ന കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസുകളിൽ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതൽ മുൻതൂക്കം നൽകും.

യാത്രക്കാരെ കൂടുതൽ ആകർഷിയ്ക്കാനും മികച്ച സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി സർക്കാർ നേരത്തെ 50 കോടി രൂപ സ്വിഫ്റ്റ് കമ്പനിയ്ക്ക് അനുവദിച്ചിരുന്നു. ഇതിൽ  44.84 കോടി രൂപ ചിലവഴിച്ചാണ് ആധുനിക സംവിധാനങ്ങളോട് കൂടിയ ആഢംബര വോൾവോ ബസ്സുകൾ  പുറത്തിറക്കുന്നത്. 100 ബസ്സുകളാണ് ഈ ശ്രേണിയിൽ ആദ്യം പുറത്തിറക്കുന്നത്. ഇതിൽ 8 ബസുകൾ കമ്പനിയുടെ ഭാഗമായി കഴിഞ്ഞു. 116 ആഢംബര ബസ്സുകളാണ് സ്വിഫ്റ്റ് കമ്പനിയ്ക്ക് കീഴിൽ പുറത്തിറക്കാൻ  നിലവിൽ തീരുമാനിച്ചട്ടുള്ളത്. വോൾവോയെ കൂടാതെ അശോക് ലൈലാൻഡിന്റെ ബസുകളും കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ഭാഗമാകും.

14.95 മീറ്റർ നീളത്തോട് കൂടിയ വോൾവോ ബസിൽ 11 ലിറ്റർ എഞ്ചിൻ, 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഉള്ളത്. സുരക്ഷയെ മുൻനിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും എ.ബി.എസ്, ആൻഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്. ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന്  1,38,50,000/- രൂപയ്ക്കാണ് ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ ഉള്ളത്. അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ച 20 നോൺ എ.സി ബസുകളും ഉടൻ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റർ നീളത്തിൽ നീളവും 197 എച്ച്.പി പവർ നൽകുന്ന എഞ്ചിൻ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, 4 വശവും എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്. 41 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പാസിറ്റിയാണ് ലെയ്ലാൻഡ് ബസ്സുകൾക്കുളത്. സുരക്ഷയെ മുൻനിർത്തി ഈ ബസുകളിൽ ഡ്യൂവൽ ക്യാമറ, വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ്, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.