ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് ഇവിടെ സംരംഭം തുടങ്ങാൻ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല. കെ.എസ്.ആർ.ടി.സിയുടെ സ്ഥലവും കെട്ടിടങ്ങളും വർക്ക്‌ഷോപ്പും അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ചുകൊണ്ട് ഇ-വാഹന മേഖലയിൽ കേരളം വൻ മുന്നേറ്റം നടത്തും. വരാൻ പോകുന്നത് ഇ-മൊബിലിറ്റിയുടെ കാലമാണ്. അത് മനസ്സിലാക്കിയാണ് കേരളം ഈ മേഖലയിൽ മുന്നേ ചുവടുവെച്ചത്.
കേരളത്തിൽ മൂന്ന് ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ എന്നിവയുമായി സഹകരിച്ചായിരിക്കുമിത്. ആദി ഗ്രൂപ്പ് കേരളത്തിൽ ഹൈഡ്രജൻ ഹബ്ബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അസാപ്പ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചാണിത്.
നിലവിൽ 40 ഇ-ബസ്സുകൾ ഉള്ള കെ.എസ്.ആർ.ടി.സി 400 എണ്ണം കൂടി പുതുതായി വാങ്ങും. ഇതിന് പുറമേ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കി മാറ്റാൻ കഴിയുമോ എന്നത് സാമ്പത്തികനില കൂടി പരിഗണിച്ച് തീരുമാനമെടുക്കും. പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സബ്‌സിഡിയും റിബേറ്റും നികുതിയിളവും നൽകുന്നുണ്ട്.