ശ്രീ കെ.ബി ഗണേഷ് കുമാർ

നിയമസഭാ മണ്ഡലം :പത്തനാപുരം
വകുപ്പുകൾ: ഗതാഗതം

വ്യക്തി ജീവിതം

മുൻ  മന്ത്രി ശ്രീ. ആർ   ബാലകൃഷ്ണപിള്ളയുടെയും ശ്രീമതി വത്സല ബാലകൃഷ്ണപിള്ളയുടെയും മകനായി 1966 മേയ്‌ മാസം 25-ാം തീയതി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.  സിനിമാനടൻ എന്ന പേരിൽ പ്രസിദ്ധിയാർജിച്ചു. മലയാളം, ഹിന്ദി, തമിഴ്‌, ഇംഗ്ലീഷ്‌ ഭാഷകളിൽ പ്രാവിണ്യമുണ്ട്.
ഭാര്യ : ശ്രീമതി ബിന്ദു ഗണേഷ്കുമാർ
മക്കൾ  ; ശ്രീ. ആദിത്യ കൃഷ്ണൻ തമ്പി
ശ്രീ. രാഹുൽ നായർ
മാസ്റ്റർ  ദേവരാമൻ

സിനിമ ജീവിതം

ശ്രീ കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1985-ൽ റിലീസായ ഇരകൾ എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ചു കൊണ്ട്  സിനിമ അരങ്ങേറ്റം നടത്തി. 1987-ൽ മോഹൻലാൽ നായകനായ ചെപ്പ് എന്ന സിനിമയിലെ വില്ലൻ വേഷം നിരൂപക പ്രശംസ നേടിയതാണ്.

രാക്കുയിലിൻ രാഗസദസിൽ, സംഘം, ഒരു മുത്തശ്ശി കഥ, കമ്മീഷണർ എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 1990-കളുടെ മധ്യത്തിൽ സപ്പോർട്ടിംഗ് റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിറഞ്ഞു നിന്നു. ഇതുവരെ ഏകദേശം 250 ഓളം  സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2000 ആണ്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും എ.കെ. ആൻ്റണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു.

2001-ൽ സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. പിന്നീട് സെലക്ടീവ് റോളുകളിൽ മാത്രം സിനിമയിൽ അഭിനയിച്ചു. പിന്നീട് കോമഡി റോളുകളിലും ഉപ-നായകനായും സിനിമാഭിനയം തുടർന്നു. സൂര്യ ടി.വിയിലെ മാധവം എന്ന ടെലി സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടി.വി. അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2008-ലെ ഫ്രെയിം മീഡിയ ഗാലപ്പ് പോളിൽ മികച്ച നടനുള്ള സീരിയൽ അവാർഡ് അമൃത ടി.വിയിലെ അളിയന്മാരും പെങ്ങൻമാരും എന്ന പരമ്പരയ്ക്ക് ലഭിച്ചു

രാഷ്ട്രീയ ജീവിതം

പത്തനാപുരം  നിയോജകമണ്ഡലത്തിൽ  നിന്നും 2001-ൽ പതിനൊന്ന്‌, 2006-ൽ പന്ത്രണ്ട്‌, 2011-ൽ പതിമൂന്ന്‌, 2016-ൽ പതിനാല്‌ എന്നീ കേരള നിയമസഭകളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

വഹിച്ച സ്ഥാനങ്ങൾ

കേരള കോൺഗ്രസ്‌ (ബി) വൈസ്‌ ചെയർമാൻ.
മലയാള സിനിമാ രംഗത്തെ നടീനടന്മാരുടെ സംഘടനയായ “അമ്മ'യുടെ സ്ഥാപകാംഗം, ട്രഷറർ, വൈസ്‌ പ്രസിഡന്റ്‌.
മലയാളം ടെലിവിഷൻ ആർട്ടിസ്റുകളൂടെ സംഘടനയായ “ആത്മ' യൂടെ സ്ഥാപക പ്രസിഡന്റ്‌.
മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ സ്ഥാപക ചെയർമാൻ.
ഗതാഗത വകുപ്പു  മന്ത്രി (17.05.2001 - 10.03.2003).
വനവും സ്‌പോർട്‌സും സിനിമയും വകുപ്പു മന്ത്രി ( 18.05.2011 - 02.04.2013).
നിലവിൽ കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ, ആത്മ സംഘടനയുടെ പ്രസിഡന്റ്‌, മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയൂടെ ചെയർമാൻ, കേരള എലിഫന്റ്‌ ഓണേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌, മലയാള  ടെലിവിഷൻ ആർട്ടിസ്സുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘം പ്രസിഡന്റ്‌, കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി  ചെയർമാൻ  (2021 മുതൽ ).