നിയമസഭ മണ്ഡലം

തിരുവനന്തപുരം

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭ മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരം നിയമസഭ മണ്ഡലം നിലവിൽ വന്നത് 2011-ലാണ്. 1977 മുതൽ 2011 വരെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം എന്നും 1957 മുതൽ 1977 വരെ തിരുവനന്തപുരം-I മണ്ഡലം എന്നും അറിയപ്പെട്ടിരുന്ന തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ നിന്ന് 2021-ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് അഡ്വ. ആന്റണി രാജുവാണ്.

കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം (Thiruvananthapuram). അനന്തപുരി, ട്രിവാൻഡ്രം എന്നീ പേരുകളിലും തിരുവനന്തപുരം അറിയപ്പെടുന്നു. ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. കേരള സർ‌വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ്, സർക്കാർ ഏൻജനീയറിംങ് കോളെജ് ബാർട്ടൺഹിൽ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്.  പ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പാളയം ഒ.ടി.സി. ഹനുമാൻ ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, പാളയം ജുമാ മസ്ജിദ്, സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ എന്നിവ ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിൽ ആകെ 73 ഗ്രാമ പഞ്ചായത്തുകളും,11 ബ്ലോക്ക് പഞ്ചായത്തുകളും,ഒരു ഡിസ്ട്രിക്റ്റ് പഞ്ചായത്തും,4 മുൻസിപ്പാലിറ്റികളും,ഒരു കോർ‍പ്പറേഷനും ഉണ്ട്.ആകെ 2 ലോകസഭാ മണ്ഡലങ്ങളും,14 നിയമസഭ മണ്ഡലങ്ങളും  ജില്ലയിൽ ഉണ്ട്.

ഗതാ‍ഗതം

കെ.എസ്.ആർ.ടി.സി.യെയാണ്‌ നഗരത്തിനകത്ത് പൊതുഗതാഗതത്തിനായി മുഖ്യമായും ആശ്രയിക്കുന്നത്‌. എണ്ണത്തിൽ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തിനുള്ളിൽ  (മണ്ണന്തല, ശ്രീകാര്യം, കഴക്കൂട്ടത്തിനടുത്തുള്ള പൗണ്ട്കടവ്, വേളി, വെട്ടുകാട്, ബീമാപള്ളി, തിരുവല്ലം, പാപ്പനംകോട്, നെട്ടയം, വഴയില, കുടപ്പനക്കുന്ന്, പേയാട് എന്നിവിടങ്ങളിൽ നിന്നും നഗരത്തിനുള്ളിലേക്ക്) സർവീസ്‌ നടത്തുന്നുണ്ട്‌. തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി ഡിപ്പോ, ആറ്റിങ്ങൽ, പാപ്പനംകോട്‌,നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിൻകര, പൂവാർ, പാറശ്ശാല എന്നീ ഒൻപത് ഡിപ്പോകളിൽ നിന്നും വെള്ളറട, പേരൂർക്കട, കിളിമാനൂർ, ആനയറ ,വികാസ് ഭവൻ, കാട്ടാക്കട, വെള്ളനാട്, വെഞ്ഞാറമൂട് എന്നീ സബ് ഡിപ്പോകളിൽ നിന്നും പാലോട്, ആര്യനാട്, വിതുര എന്നീ ഓപ്പറേറ്റിങ്ങ് ഡിപ്പോകളിൽ നിന്നുമായി കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നു. സെൻട്രൽ സിറ്റി ഡിപ്പൊ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്നു. അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ്‌ സ്റ്റാൻഡും ഇവിടെനിന്ന് 1 കിലോമീറ്റർ അകലെ തമ്പാനൂരിലാണ്‌. ഇവിടെനിന്നും കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലേയ്ക്കും തെന്നിന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളായ ചെന്നൈ ബംഗളൂരു ,മംഗളുരു എന്നിവിടങ്ങളിലെയ്ക്കും ബസ്‌ സർവീസുകളുണ്ട്‌.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂരിൽ (വിമാനത്താവളത്തിൽ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ജില്ലയിലൂടെ റെയിൽ പാത ഏകദേശം 80 കി.മീ. ൽ 20 സ്റ്റേഷനുകളുമായി സർവ്വീസ് നടത്തുന്നു. തിരുവനന്തപുരം ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രധാന നഗരങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. പുതിയതായി ആരംഭിച്ച ഡബിള്‍ ഡക്കര്‍ ബസ്‌ സര്‍വീസ്‌   തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്.