Fuel bulk purchase court ruling; Historical

ഇന്ധന ബൾക്ക് പർച്ചേസ് കോടതിവിധി; ചരിത്രപരം,മന്ത്രി ആന്റണി രാജു

ബൾക്ക് പർച്ചേസിന് ഇന്ധനക്കമ്പനികള്‍ അധിക വില ഈടാക്കുന്ന നടപടി ഇടക്കാല വിധിയിലൂടെ തടഞ്ഞ ഹൈക്കോടതി വിധി ഇന്ത്യയിലെ എല്ലാ പൊതുഗതാഗത മേഖലയ്ക്കും അനുകൂലമായ ചരിത്ര വിധിയാണെന്ന് മന്ത്രി ആന്റണി രാജു. ഇന്ധനത്തിന് തോന്നുംപടി വില നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം ഈ വിധിയിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് കെഎസ്ആർടിസിക്ക് മാത്രമല്ല ബൾക് പർച്ചേസ് നടത്തുന്ന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ആശ്വാസകരമാണ്. സാധാരണ സാധനങ്ങൾ മൊത്തമായി വാങ്ങുമ്പോൾ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നതെങ്കിൽ ഇവിടെ അധികം വാങ്ങുമ്പോൾ കൂടുതൽ വില നൽകണമെന്ന വിചിത്ര രീതിയാണ് കമ്പനികൾ അവലംബിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ റീട്ടെയിൽ വിലയെക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്കായിരുന്നു കെഎസ്ആർടിസിക്ക് എണ്ണകമ്പനികൾ ഇന്ധനം നൽകിയിരുന്നത്. എന്നാൽ ഫെബ്രുവരി മുതൽ ബൾക് പർച്ചേസ് നടത്തുന്നവർക്ക് അധികവില കമ്പനികൾ ഈടാക്കി. ഇതിനെതിരെയാണ് കെഎസ്ആർടിസി സുപ്രീംകോടതിയില്‍ കേസ് നല്‍കുകയും തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഇടക്കാലവിധി നേടിയതും. തുല്യനീതി എന്ന ഭരണഘടന തത്വത്തിനെതിരെയാണ് ഇന്ധനക്കമ്പനികളുടെ നിലപാട് എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് അനുകൂലമായ ഇടക്കാല വിധി ലഭിച്ചത്. പ്രതിമാസം 12-15 കോടി രൂപയുടെ അധികബാധ്യതയാണ് ഈ വിധിയിലൂടെ കെഎസ്ആര്‍ടിസിയ്ക്ക് കുറയുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇന്നത്തെ കോടതിയുടെ നിരീക്ഷണമെന്ന് മന്ത്രി പറഞ്ഞു. ഇന്ധന വില സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോടതിയെ സമീപിക്കുവാൻ കെഎസ്ആർടിസി മാത്രമാണ് മുന്നോട്ടു വന്നതെന്നത് അഭിമാനകരമാണെന്നും എന്നാൽ ഈ വിധി എല്ലാ സംസ്ഥാന പൊതു ഗതാഗത മേഖലയ്ക്കും ഗുണകരമാണെന്നും മന്ത്രി വ്യക്തമാക്കി.