പൊതുജനങ്ങൾക്ക് മികച്ചതും സുതാര്യവുമായ സേവനം ഉറപ്പുവരുത്തുകയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ലക്‌ഷ്യം. അത് കൂടുതൽ ശക്തമാക്കും. ഇതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലേക്ക് പുതിയതായി 40 അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ നാലു മാസത്തെ പരിശീലനം പൂർത്തിയാക്കി അംഗമായി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വയർലെസ് സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കി വരികയാണ്.
പൊതുജനങ്ങൾക്ക് മാതൃകാപരമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അത് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കും. മോട്ടോർ വാഹന വകുപ്പ് മികച്ചതും സുതാര്യവുമായ സേവനം ഉറപ്പു വരുത്തും.

ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന വകുപ്പുകളിലൊന്നാണ് മോട്ടോർ വാഹന വകുപ്പ്. വകുപ്പിൻ്റെ മിക്കവാറും സേവനങ്ങൾ ഓൺലൈനാണ്. ഇതിലൂടെ സേവനങ്ങൾ സുതാര്യമാക്കുന്നതിനു സാധിക്കുന്നു.
കേരളത്തിൽ 1.6 കോടി വാഹനങ്ങളാണ് നിരത്തുകളിൽ ഉള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന വകുപ്പാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്.

 അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ എഞ്ചിനീയറിംഗ്/മെക്കാനിക്കല്‍ ഡിപ്ലോമയുള്ള 25 പേരെ കൂടാതെ ബിടെക്ക് ഉള്ള 8 പേരും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി. ഉള്ള 1 ആളും, ബിരുദമുള്ള 4 പേരും, ബിരുദാനന്തരബിരുദമുള്ള 2 പേരും ഈ ബാച്ചിലുണ്ട്. അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 40 പേരിൽ സ്ത്രീകളില്ല. ഭൂരിഭാഗം പേരും 35 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 30 നും 35 നും ഇടയിൽ പ്രായമുള്ളവർ 11 പേരും, 25 നും 30 നും ഇടയിൽ പ്രായമുള്ളവർ 2 പേരുമുണ്ട്.