Sabarimala Makaravilakku Mahotsavam - KSRT with 1000 buses for the first time in history

ശബരിമല മകരവിളക്ക് മഹോത്സവം – ചരിത്രത്തിലാദ്യമായി 1000 ബസ്സുകളുമായി കെഎസ്ആർടി

2025 – 26 മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ബഹു ഗതാഗത വകുപ്പ് മന്ത്രി പമ്പ നിലക്കൽ ബസ് സ്റ്റേഷനുകൾ സന്ദർശിക്കുകയും മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി 04.01.2026 ന് പമ്പയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.

യോഗത്തിൽ മകരവിളക്ക് സർവീസുകൾക്കായി നിലവിൽ തയ്യാറായിട്ടുള്ള 800 ബസ്സുകൾക്ക് പുറമെ 100 ബസ്സുകൾ കൂടി അധികമായി വേണ്ടി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ ശ്രീ.അരുൺ എസ് IAS അഭിപ്രായപ്പെടുകയും കെഎസ്ആർടിസി ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിനായി 1000 ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബഹു. ഗതാഗത വകുപ്പ് മന്ത്രി അറിയിക്കുകയും ചെയ്തു.

സന്ദർശന വേളയിൽ ഗതാഗത വകുപ്പ് മന്ത്രി, പുതുതായി പമ്പയിലും നിലയ്ക്കലിലും സ്ഥാപിച്ച സ്മാർട്ട് ബസ് സ്റ്റോപ്പുകളുടെയും പമ്പ ബസ് സ്റ്റേഷനിലെ തീർത്ഥാടകർക്കായുള്ള ക്ലോക്ക് റൂമിൻ്റെയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ഉദ്ഘാടനം നിർവ്വഹിക്കുകയുമുണ്ടായി.

സ്പെഷ്യൽ സർവീസുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രർത്തനം കാഴ്ചവച്ച ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറോടൊപ്പം ഗതാഗതവകുപ്പ് മന്ത്രി നേരിട്ടെത്തി പമ്പ ബസ് സ്റ്റേഷനിൽ അനുമോന പത്രം നൽകി ആദരിക്കുകയും ചെയ്തു. സ്പെഷ്യൽ സർവ്വീസിനുപയോഗിക്കുന്ന ബസുകൾ വൃത്തിയായും ശുദ്ധിയായും പരിപാലിക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പുമന്ത്രി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുകയും ജീവനക്കാരുടെ വിശ്രമമുറികൾ സന്ദർശിച്ച് സുഖ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.

ഈ വർഷത്തെ സ്പെഷ്യൽ സർവീസുകൾ വളരെ വിജയകരമായി നടന്നുവരികയാണ്. ഒരേ ദിശയിൽ മണിക്കൂറിൽ നൂറോളം ബസ്സുകളാണ് പമ്പയിലേക്കും നിലയ്ക്കലേക്കും സർവീസ് നടത്തിവരുന്നത്. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തിൽ സ്റ്റാൻഡിംഗ് യാത്ര ഒഴിവാക്കി സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് ബസുകളിൽ അനുവദിച്ചിട്ടുള്ളത്.

കേരള പോലീസിൻ്റെയും കേരള മോട്ടോർ വാഹന വകുപ്പിൻ്റെയും കെഎസ്ആർടിസിയുടെയുംപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിന് ബഹു.ദേവസ്വം വകുപ്പ് മന്ത്രിയും ബഹു ഗതാഗത വകുപ്പ് മന്ത്രിയും നിരന്തരം യോഗങ്ങൾ വിളിച്ചു ചേർക്കുകയും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് കെഎസ്ആർടിസിയുടെ ശബരിമല സ്പെഷ്യൽ സർവീസുമായി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമായി.

മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും ഒത്തൊരുമയോടെയുള്ള മികച്ച പ്രവർത്തനവും ഓഫ് റോഡ് കുറച്ച് പരമാവധി ബസ്സുകൾ നിരത്തിലിറക്കാനായതും കാരണമാണ് ആയിരത്തോളം ബസ്സുകൾ ശബരിമല സ്പെഷ്യൽ സർവീസിനായി മാത്രം കെഎസ്ആർടിസിക്ക് വിനിയോഗിക്കാനാകുന്നത്.