നഗരം ചുറ്റാൻ ഓപ്പൺ ഡബിൾ ഡക്കറുമായി കെഎസ്ആർടിസി
തിരുവനന്തപുരം നഗരം ചുറ്റാൻ ഓപ്പൺ ഡബിൾ ഡക്കറുമായി കെഎസ്ആർടിസി. നഗരത്തിന്റെ വിവിധ ഭാഗങ്ങളായ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലു മാൾ തുടങ്ങിയ പ്രദേശങ്ങളിൽ ഓപ്പൺ ഡബിൾ ഡക്കറിൽ യാത്ര ചെയ്യാം. തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളെ ഉദ്ദേശിച്ചുള്ള പദ്ധതി ഒറ്റ ട്രിപ്പിൾ വിവിധ സ്ഥലങ്ങൾ കാണാനുള്ള അവസരം നൽകുന്നു.
വൈകിട്ട് 5 മുതൽ രാത്രി 10 വരെയുള്ള നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുള്ള ഡേ സിറ്റി റൈഡും സഞ്ചാരികൾക്കായി ഒരുക്കിയിരിയ്ക്കുന്നത്. ഒരു റൈഡിനു 250 രൂപയാണ് ചാർജ് ഈടാക്കുക. പദ്ധതിയുടെ പ്രമോഷന്റെ ഭാഗമായി സഞ്ചാരികൾക്ക് ഇപ്പോൾ 200 രൂപയ്ക്കാണ് ടിക്കറ്റ് നൽകുന്നത്. ഡേ, നൈറ്റ് റൈഡുകൾ ഒരുമിച്ച് എടുക്കുന്നവർക്ക് 400 രൂപയാണ് ടിക്കറ്റ് ചാർജ് എന്നാൽ പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകും.
യാത്രക്കാർക്ക് ലഘുഭക്ഷണങ്ങളും ശീതള പാനീയങ്ങളും വാഹനത്തിൽ തന്നെ ലഭിയ്ക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിയ്ക്കും. സിറ്റി റൈഡ് സംബന്ധിച്ച വിശദശാംശങ്ങൾ പൊതുജനങ്ങൾക്ക് ഡിടിപിസി വഴി ലഭ്യമാകുന്ന സംവിധാനവും ഒരുക്കും.