Makaravilakku Mahotsava service

കെ.എസ്.ആർ.ടി.സി 2025-2026 മണ്ഡലകാല – മകരവിളക്ക് മഹോത്സവ സർവീസ് നടത്തിപ്പ് വിജയകരമായി പൂർത്തിയാക്കി

ഈ വർഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വളരെ മുന്നേ തന്നെ ആരംഭിച്ച കെഎസ്ആർടിസി സർവ്വ സജ്ജമയിരുന്നു. ചീഫ് ഓഫീസ് തലത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്ന നിരന്തര മീറ്റിങ്ങുകളുടെ ഫലമായി ബസ്സുകളുടെ മെയിൻറനൻസ് വളരെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, സ്റ്റോർ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും സൂപ്പർവയ്‌റി വിഭാഗം ജീവനക്കാർക്കും പ്രഗൽഭരായ ട്രെയിനർമാരെ ഉപയോഗിച്ച് ട്രെയിനിംഗും പൂർത്തിയാക്കിയിരുന്നു. എല്ലാ വിഭാഗം ജീവക്കാർക്കും കേരള ഫയർ ഫോഴ്സുമായി സഹകരിച്ച് ഫയർ & സേഫ്റ്റി ട്രെയിനിംഗ് കൂടി നൽകിരുന്നു. കൂടാതെ ശബരിമല സ്പെഷ്യൽ സർവീസിനായി നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പ്രത്യേക പരിശീലനങ്ങളും സുരക്ഷിതമായ സേവനത്തിന് വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു.

സംസ്ഥാന പോലീസ്, ദേവസ്വം ബോർഡ്, മോട്ടോർ വാഹന വകുപ്പ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ സുഗമമായി നടത്തുന്നതിനുവേണ്ട എല്ലാ മുന്നൊരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ റെഗുലർ സർവീസുകളെ ബാധിക്കാത്ത തരത്തിൽ കൃത്യമായ പ്ലാനിങ്ങോടുകൂടി പുതിയ ബസ്സുകൾ കൂടി ഉൾപ്പെടുത്തി കൂടുതൽ ബസുകൾ സ്പെഷ്യൽ സർവീസിനായി തയ്യാറാക്കിയിരുന്നു.

മണ്ഡലകാലത്ത് ഏതാണ്ട് 480 ബസ്സുകൾ സർവീസ് നടത്തുകയും മകരവിളക്കിന് ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കാവുന്ന വിധത്തിൽ 1000 ബസ്സുകൾ പൂൾ ചെയ്യുകയും ചെയ്തിരുന്നു. ഒരേ ദിശയിൽ മണിക്കൂറിൽ നൂറോളം ബസ്സുകളാണ് പമ്പയിലേക്കും നിലയ്ക്കലേക്കും സർവീസ് നടത്തിയത്. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തിൽ ഈ വർഷം സ്റ്റാൻഡിംഗ് യാത്ര ഒഴിവാക്കി സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് ബസുകളിൽ അനുവദിച്ചിരുന്നത്.

ഡിജിറ്റൽ യുപിഐ പെയ്മെന്റുകൾ, ട്രാവൽ കാർഡ്, പമ്പയിലും നിലക്കലും സ്മാർട്ട് ബസ് സ്റ്റോപ്പ് സംവിധാനങ്ങൾ, ടിക്കറ്റ് വെൻഡിങ് മെഷീൻ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി ഇന്ത്യൻ പൊതുഗതാഗത രംഗത്ത് മാതൃകയാക്കാവുന്ന നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ചുള്ള സൗകര്യങ്ങൾ ഈ വർഷം കെഎസ്ആർടിസി മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി നടപ്പിലാക്കി.

എല്ലാ ബസ്സുകളും കൃത്യമായി പീരിയോഡിക് മെയിൻറനൻസിന് വിധേയമാക്കുകയും ബസ്സുകൾ വൃത്തിയായി ശുദ്ധിയായും പരിപാലിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് സമയാസമയങ്ങളിൽ പരിശോധിച്ച് CMD സ്‌ക്വാഡ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. കൂടാതെ ബസുകളുടെയും ഡിപ്പോകളുടെയും ക്ലീനിങ് സംബന്ധമായ പ്രവർത്തങ്ങൾ ഹൗസ് കീപ്പിങ് വിഭാഗം സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തിരുന്നു .

മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് നടത്തിയ സർവ്വേയിലൂടെ തീർത്ഥാടകർക്ക് ഭക്ഷണസൗകര്യത്തിനായി സുരക്ഷിതമായി ബസ് പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കുന്നതിന് സൗകര്യമുള്ള ഹോട്ടലുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കൂടാതെ കെഎസ്ആർടിസി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഉൾപ്പെടെയുള്ള മെഡിക്കൽ ക്യാമ്പും സജ്ജീകരിച്ചിരുന്നു. നിരവധി അയ്യപ്പ ഭക്തന്മാർക്കും ജീവനക്കാർക്കും മരുന്ന് ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സ സൗകര്യം കെഎസ്ആർടിസി മെഡിക്കൽ ക്യാമ്പ് വഴി നൽകുകയുണ്ടായി.

ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കായി നിലയ്ക്കലും പമ്പയിലും കൂടുതൽ സൗകര്യപ്രദമായ താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നു. പത്തനംതിട്ടയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മൂന്ന് നേരത്തെ ഭക്ഷണ ക്രമീകരണം ഏർപ്പെടുത്തി നൽകിയ കെഎസ്ആർടിസി പത്തനംതിട്ട യൂണിറ്റിലെ തൊഴിലാളി സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. കൂടാതെ വിവിധ യൂണിറ്റുകളിൽ ജീവനക്കാർക്ക് ഇടവേളയിലേക്ക് ലഘുഭക്ഷണ കിറ്റുകളും വിതരണം ചെയ്തിരുന്നു.

കെ.എസ്.ആർ.ടി.സി പമ്പ , നിലക്കൽ സ്പെഷ്യൽ ഓഫീസർ, അസി. സ്പെഷ്യൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലത്തോളം അർപ്പണ മനോഭാവത്തോടുകൂടിയും, സേവന സന്നദ്ധതയോടു കൂടിയും ജോലിചെയ്ത പ്രിയപ്പെട്ട ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെയും മെക്കാനിക്കൽ ജീവനക്കാരുടെയും മിനിസ്റ്റീരിയൽ, ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ,HVS, VS,T& C ജീവനക്കാർ ഗാർഡ് തുടങ്ങി… മുഴുവൻ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കഠിന പരിശ്രമത്താൽ കേരള സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ച ദൗത്യവും കർത്തവ്യവും അത്യന്തം പൂർണ്ണതയോടെയും യാതൊരു പരാതികൾക്കും ഇടനൽകാതെ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പൂർത്തിയാക്കി.