KSRTC passengers now get quality food

കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇനി ഗുണമേന്മയുള്ള ഭക്ഷണം

ബസ് യാത്രക്കാർ കാലങ്ങളായി നേരിടുന്ന ഗുണമേന്മയുള്ളതും ശുചിത്വവുമുള്ളതുമായ ഭക്ഷണത്തിന്റെ ദൗർലഭ്യത്തിന് പരിഹാരവുമായി കേരളത്തിലെ സ്റ്റാർട്ടപ്പായ ‘റെയിൽ റോൾസ്’ രംഗത്ത്. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് സംസ്ഥാനത്തെ പ്രധാന ബസ് സ്റ്റേഷനുകളിൽ ഭക്ഷണശാലകൾ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി.

കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ആദ്യഘട്ടത്തിൽ 10 ഔട്ട്‌ലെറ്റുകളാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, എറണാകുളം എന്നിവിടങ്ങളിൽ ആദ്യഘട്ടം സേവനം ലഭ്യമാകും. രണ്ടാംഘട്ടമായി ആലുവ, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്കിംഗ് സംവിധാനവുമായി റെയിൽ റോൾസിന്റെ സേവനം സംയോജിപ്പിച്ചിരിക്കുന്നു. യാത്രക്കാർക്ക് തങ്ങളുടെ പി.എൻ.ആർ (PNR) നമ്പർ ഉപയോഗിച്ച് യാത്രയ്ക്ക് മുൻപോ യാത്രയ്ക്കിടയിലോ ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്. ഭക്ഷണം നേരിട്ട് ബസ് സീറ്റുകളിലോ അല്ലെങ്കിൽ സ്റ്റേഷൻ ഔട്ട്‌ലെറ്റുകളിൽ നിന്നോ കൈപ്പറ്റാൻ സാധിക്കും. കൈകഴുകാതെ തന്നെ കഴിക്കാവുന്ന (Hand-wash free), യാത്രയ്ക്കിടയിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മെസ്-ഫ്രീ റാപ്പുകളാണ് റെയിൽ റോൾസ് വിതരണം ചെയ്യുന്നത്. ശുചിത്വവും കൃത്യസമയത്തുള്ള വിതരണവും (Quick Service Model) പദ്ധതിയുടെ പ്രത്യേകതയാണ്.

കഴിഞ്ഞ ഒരു വർഷമായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഐ.ആർ.സി.ടി.സി (IRCTC) ഇ-കാറ്ററിംഗ് സേവനം വിജയകരമായി നടത്തിവരുന്ന റെയിൽ റോൾസ്, കെ.എസ്.ആർ.ടി.സിയുമായുള്ള സഹകരണത്തിലൂടെ കേരളത്തിലെ പൊതുഗതാഗത മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും യുവസംരംഭകരും ചേർന്ന് ജനങ്ങൾക്ക് പ്രയോജനകരമായ സേവനം ഒരുക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സംരംഭം.